തിരുവനന്തപുരം: കിറ്റെക്‌സില്‍ നടക്കുന്നതായി പറയപ്പെടുന്ന നിയമലംഘനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്ത് 08/07/21 വ്യാഴാഴ്ച പുറത്ത് വന്നു.
കമ്പനിയിലെ നിയമലംഘനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ രണ്ടിനാണ് തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്, എറണാകുളം എം.എല്‍.എ ടി.ജെ വിനോദ്, പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ എം.എല്‍.എ മാത്യൂ കുഴല്‍നാടന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ആറു നിയമലംഘനങ്ങളാണ് എംഎല്‍എമാര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞമാസം ഒന്നിന് നിയമസഭയില്‍ കടമ്പ്രയാര്‍ നദിയുടെ മലിനീകരണവുമായി ബന്ധപ്പെട്ട് പി.ടി തോമസിന്റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.