ഒപെക് പ്ലസ് രാജ്യങ്ങളുടെ പിന്‍മാറ്റം: രാജ്യാന്തര എണ്ണവില 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്

ന്യൂഡല്‍ഹി: എണ്ണ വിതരണം ഉയര്‍ത്താനുള്ള പദ്ധതികളില്‍ നിന്ന് ഒപെക് പ്ലസ് രാജ്യങ്ങള്‍ പിന്മാറിയതോടെ ക്രൂഡ് നിരക്ക് കുതിച്ചുയര്‍ന്നു. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് യു.എസ്. ക്രൂഡ് എത്തി. ബ്രെന്റ് ക്രൂഡ് 62 സെന്റ് അഥവാ 0.8 ശതമാനം ഉയര്‍ന്ന് ബാരലിന് 77.78 ഡോളറിലെത്തി. യു.എസ്. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു.ടി.ഐ.) ക്രൂഡ് ഫ്യൂച്ചറുകള്‍ 1.75 ഡോളര്‍ അഥവാ 2.3 ശതമാനം ഉയര്‍ന്ന് 76.91 ഡോളറിലെത്തി. ക്രൂഡ് കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും റഷ്യയും മറ്റുള്ള ഉല്‍പ്പാദകരും ചേര്‍ന്ന ഒപെക് പ്ലസ്‌കൂട്ടായ്മയിലെ മന്ത്രിമാര്‍ക്കിടയില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.


ഉല്‍പാദന വര്‍ധനവിനൊപ്പം പോകുമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വ്യക്തമാക്കിയതും അടുത്തവര്‍ഷം അവസാനം വരെ നിയന്ത്രണങ്ങള്‍ നീട്ടാനുള്ള പ്രത്യേക നിര്‍ദ്ദേശം യു.എ.ഇ. നിരസിക്കുകയും ചെയ്തതോടെ ചര്‍ച്ച കരാറിലേക്കെത്താതെ പരാജയപ്പെടുകയായിരുന്നു. അതേസമയം ഈ മാസം ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും ഓഗസ്റ്റ് മുതല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്നും സൂചനയുള്ളതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒപെക് പ്ലസ് ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് പരിഹാരത്തിനായി ബൈഡന്‍ ഭരണകൂടം ശ്രമിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് തിങ്കളാഴ്ച പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →