കണ്ണൂർ: പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മനുഷ്യന് ശുദ്ധജലവും ശുദ്ധവായുവും ലഭ്യമാക്കുന്നതിനും വനത്തെ വരമായി കാണുന്ന സമീപനം അനിവാര്യമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കാനുണ്ട്. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വനവിസ്തൃതി 33 ശതമാനമായി വര്‍ധിപ്പിക്കാനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. വനമഹോത്സവത്തിന്റെ ഭാഗമായി കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കണ്ണവം ആദിവാസി മേഖലയിലെ കേബിള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍, വിവിധ ആദിവാസി കോളനികളിലെ വൃക്ഷത്തൈ നടീല്‍, വനമേഖലയിലെ പുഴകളിലെ മത്സ്യങ്ങളുടെ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതി, അഴീക്കോട് ചാല്‍ കടലോരത്തെ കണ്ടല്‍ വനവല്‍ക്കരണം, പെരിങ്ങോം സി ആര്‍ പി എഫ് ക്യാമ്പസിലെ സ്ഥാപനവനവല്‍ക്കരണം എന്നീ പദ്ധതികള്‍ക്കാണ് ജില്ലയില്‍ തുടക്കമായത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഗമമാക്കുന്നതിന് നൂറോളം കുട്ടികള്‍ക്കാണ് കോളയാട് പഞ്ചായത്തിന്റെയും ബി എസ് എന്‍ എല്ലിന്റെയും സഹായത്തോടെ ഇന്റര്‍നെറ്റ് കണക്ഷന്‍ പദ്ധതിയില്‍ കണക്ഷന്‍ നല്‍കുക. മത്സ്യങ്ങള്‍ക്ക് ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിന് പുഴയോരങ്ങളില്‍ ആല്‍ മരങ്ങളും മുളകളും വച്ചു പിടിപ്പിക്കും. കണ്ണവം റെയിഞ്ചിലാണ് പദ്ധതി നടപ്പിലാക്കുക. ദുരന്തബാധിത പ്രദേശങ്ങളിലെയും തീരശോഷണം സംഭവിക്കുന്ന തീരങ്ങളിലെയും ത്വരിത വനവല്‍ക്കരണം പദ്ധതിയുടെ ഭാഗമായാണ് അഴീക്കോട് ചാലില്‍ കണ്ടല്‍ വനവല്‍ക്കരണത്തിന് തുടക്കമാകുന്നത്. ചടങ്ങില്‍ കാസര്‍ഗോഡ് മഞ്ചേശ്വരം താലൂക്കിലെ 54.695 ഹെക്ടര്‍ കണ്ടല്‍ വനങ്ങളെ റിസര്‍വ്വ് വനമായി മന്ത്രി പ്രഖ്യാപിച്ചു. തളങ്കര വില്ലേജിലെ 21 ഹെക്ടര്‍, കോയിപ്പാടി വില്ലേജിലെ 12 ഹെക്ടര്‍, ആരിക്കാടി വില്ലേജിലെ 22 ഹെക്ടര്‍ കണ്ടല്‍ക്കാടുകളാണ് റിസര്‍വ് വനമായി പ്രഖ്യാപിച്ചത്. പള്ളത്ത് കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്കും തുടക്കമായി.
കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം റിജി അദ്ധ്യക്ഷയായ ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി വി സുഭാഷ്, ഡി എഫ് ഒമാരായ പി കാര്‍ത്തിക്, അജിത് കെ രാമന്‍, കോളയാട് ഗ്രാമപഞ്ചായത്തംഗം റോയി കെ പൗലോസ്, എ സി എഫുമാരായ വി സന്തോഷ് കുമാര്‍, ജി പ്രദീപ്, കണ്ണൂര്‍ ബി എസ് എന്‍ എല്‍ ജനറല്‍ മാനേജര്‍ എസ് വേണുഗോപാല്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി ബാലചന്ദ്രന്‍ നായര്‍, നിര്‍മലഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ വി ഔസേപ്പച്ചന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

