കോവിഡ് മുക്തരില്‍ ബോണ്‍ ഡെത്ത് രോഗം സ്ഥിരീകരിച്ചു

മുംബൈ: കോവിഡ് മുക്തരില്‍ അസ്ഥിയിലെ കോശങ്ങള്‍ നശിക്കുന്ന അവാസ്‌കുലര്‍ നെക്രോസിസ്(എ.വി.എന്‍) അഥവാ ബോണ്‍ ഡെത്ത് രോഗവും സ്ഥിരീകരിച്ചു. രോഗം ബാധിച്ച മൂന്നുപേര്‍ മുംബൈയില്‍ ചികിത്സ തേടിയതോടെയാണ് പുതിയ ആശങ്കയുണ്ടായിരിക്കുന്നത്. 40 വയസില്‍ താഴെ പ്രായമുള്ള മൂന്നു ഡോക്ടര്‍മാരാണ് മുംെബെ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സ തേടിയത്. അസ്ഥികളിലേക്കുള്ള രക്തപ്രവാഹം താല്‍ക്കാലികമായോ പൂര്‍ണമായോ നിലയ്ക്കുകയും അതുവഴി കോശങ്ങള്‍ നശിക്കുകയുമാണ് ഈ രോഗം ബാധിച്ചവരില്‍ സംഭവിക്കുന്ന മാറ്റം. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞശേഷം രണ്ടു മാസം കഴിഞ്ഞാണ് ഇവര്‍ക്ക് ബോണ്‍ ഡെത്ത് രോഗബാധയുണ്ടായത്. മൂന്നുപേര്‍ക്കും തുടയെല്ലിന്റെ ഏറ്റവും മുകള്‍ഭാഗത്തായാണ് കടുത്ത വേദനയുണ്ടായത്. ചികിത്സയുടെ ഭാഗമായി കോവിഡ് രോഗികള്‍ക്കു നല്‍കുന്ന സ്റ്റിറോയ്ഡിന്റെ ഉപയോഗമാണ് ബ്ലാക്ക് ഫംഗസിന്റെയും ബോണ്‍ ഡെത്തിന്റെയും പൊതുവായ ഘടകമെന്ന് ഹിന്ദുജ ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സഞ്ജയ് അഗര്‍വാല പറഞ്ഞു. വരുംമാസങ്ങളില്‍ ഇത്തരത്തിലുള്ള കേസുകള്‍ കൂടിയേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ക്ക് ആശങ്കയുണ്ട്.കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാനായി വലിയ അളവില്‍ കോര്‍ട്ടികോസ്റ്റിറോയ്ഡ് നല്‍കുന്നതാണ് അവാസ്‌കുലര്‍ നെക്രോസിസിനു കാരണം.ആരെ വേണമെങ്കിലും ബാധിക്കാമെങ്കിലും കൂടുതലും 30-50 പ്രായപരിധിയിലുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. കോവിഡ് മുക്തി നേടി 12 മാസങ്ങള്‍ക്കുശേഷവും ചിലപ്പോള്‍ ഈ രോഗലക്ഷണങ്ങളുണ്ടാകാമെന്നും ഡോ. സഞ്ജയ് ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →