കയ്യിലെ തഴമ്പായിരുന്നു പട്ടംകോളനിയിൽ 5 ഏക്കർ ഭൂമിയ്ക്ക് യോഗ്യത

1955 കാലം

ദൂരെ ഏതോകാട്ടില്‍ കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി ഭൂമികൊടുക്കുന്നുണ്ടെന്ന് പത്രവാര്‍ത്ത കണ്ട് അപ്പച്ചൻ അപേക്ഷിച്ചിരുന്നു. അതിന് തിരുവല്ല താലൂക്ക് ഓഫീസിലേക്ക് വിളിപ്പിച്ചു.

ഞങ്ങള്‍ കുട്ടികള്‍ വലിയ സന്തോഷത്തിലായിരുന്നു. വനം എന്ന് കഥകളില്‍ കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. ഇതാ ഇപ്പോള്‍ വനത്തിനു നടുവില്‍ ഞങ്ങള്‍ താമസിക്കാന്‍ പോകുന്നു. ആനയും പോത്തും കടുവയുമൊക്കെ ഞങ്ങളുടെ കൂട്ടുകാരാകും.

എന്നാല്‍ അമ്മയുള്‍പ്പെടെ എല്ലാവരും ആശങ്കയിലായിരുന്നു. മുമ്പ് മലബാറിലേയ്ക്ക് കുടിയേറിയ ആളുകളുടെ ദുരിതങ്ങളെക്കുറിച്ച് അവര്‍ കേട്ടറിഞ്ഞിരുന്നു.

വന്യമൃഗങ്ങളുടെ ആക്രമണം, രോഗം, പട്ടിണി, ശത്രുക്കളുടെ ഉപദ്രവങ്ങള്‍ അങ്ങനെ പലകാരണങ്ങളാല്‍ ഒരുപാടാളൂകള്‍ മരിച്ചിട്ടുണ്ട്.

താലൂക്ക് ഓഫീസില്‍ പോയവർ മടങ്ങിവന്നു. കാര്യങ്ങള്‍ വിശദീകരിച്ചു. ചെന്നവരെയെല്ലാം ലൈനാക്കി നിര്‍ത്തി. ഓരോരോത്തരുടേയും കൈവെള്ളനോക്കിയാണ് കാര്‍ഡ് വാങ്ങിയത്. അപ്പച്ചന്റേയും വല്യപ്പച്ചന്റേയും കൊച്ചുപ്പാപ്പന്റേയും കാര്‍ഡുവാങ്ങി. വല്യുപ്പാപ്പന്‍ വ്യാപാരിയായിരുന്നു. അദ്ദേഹത്തിന്റെ കയ്യേല്‍ തഴമ്പില്ലാത്തതുകൊണ്ട് കാര്‍ഡു വാങ്ങിയില്ല.
എന്നാല്‍ തഴമ്പില്ലാത്ത ഒരു ബാര്‍ബറുടേയും പൂജാരിയുടേയും കാര്‍ഡുകള്‍ വാങ്ങി. ഏകദേശം നൂറോളംപേരുടെ കാര്‍ഡുവാങ്ങി. ആകെ 1322പേരെയാണ് തിരുവിതാംകൂറിന്റെ പലഭാഗത്തുനിന്നായി തിരഞ്ഞെടുത്തത്.

കര്‍ഷകര്‍ക്കാണ് ഭൂമി നല്‍കുന്നതെന്നും അത് സര്‍ക്കാരിന്റെ ആവശ്യമാണെന്നും ബോര്‍ഡ് അംഗങ്ങള്‍ വിശദീകരിച്ചു. ജനവാസകേന്ദ്രമാകുമ്പോള്‍ അവിടെ ബാര്‍ബറും പൂജാരിയുമൊക്കെ ആവശ്യമുള്ളതുകൊണ്ടാണ് അവരുടെ കാര്‍ഡുവാങ്ങിയത്.

Read also : ചന്ദനം വച്ചുപിടിപ്പിക്കാനും മുറിക്കാനും അനുവദിച്ചാൽ എന്ത്?

നാട്ടില്‍ നടമാടുന്ന പട്ടിണി മാറ്റാനാണ് ഭൂമി നല്‍കുന്നത്. കര്‍ഷകര്‍ക്ക് അവിടെ പിടിച്ചു നില്‍ക്കാന്‍ ആയിരം രൂപ പലിശയില്ലാത്ത വായ്പയായി നല്‍കും. 57ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ്. സര്‍ക്കാര്‍ ഈതുക 2000 ആക്കി വര്‍ദ്ധിപ്പിച്ചു. തവണകളായി ഈ തുക തിരിച്ചടയ്ക്കണമായിരുന്നു.

കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അപ്പച്ചന് ഭൂമി അനുവദിച്ചു മെമ്മോ കിട്ടി. കല്ലാര്‍ എന്ന സ്ഥലത്താണ് ഭൂമി അനുവദിച്ചിരിക്കുന്നത്. അറിയത്തൊള്ളു. താമസിക്കാന്‍ സൗകര്യമുണ്ടോ? കാലാവസ്ഥ എങ്ങനെ? വന്യജീവികളെ എങ്ങനെ പ്രതിരോധിക്കും? ഒന്നും അറിയില്ല. ആ അനിശ്ചിതത്വത്തിലേയ്ക്ക് വല്യച്ഛന്‍ അപ്പച്ചനേയും കൊച്ചുപ്പാപ്പനേയും കൂട്ടി പുറപ്പെട്ടു.

അവര്‍ വൈകുന്നേരം നാലുമണിയോടെ കല്ലാര്‍ പാലത്തിനടുത്തെത്തി. അവിടെ ചെറിയ ഒരു ചായക്കടയാണുള്ളത്. പുല്ലുമേഞ്ഞ് മുളപൊട്ടിച്ച തൈതല്‍കൊണ്ടുമറച്ച ആ കടയില്‍ കയറി. ഇനിയും മൂന്നുമൈല്‍കൂടി നടന്നാലേ കോളനൈസേഷന്‍ ഓഫീസിലെത്താന്‍ കഴിയൂ എന്ന് അവിടെയുള്ളവര്‍ പറഞ്ഞു. വഴിയില്‍ ആനയിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ യാത്രനാളെയാക്കാമെന്നും അവിടെ ഉള്ള സൗഹര്യത്തില്‍ തങ്ങാമെന്നും അപരിചിതരായ ആ നല്ല മനുഷ്യര്‍ പറഞ്ഞു. നാടിന്റെ പലഭാഗത്തുനിന്നായി എത്തിയ വേറെയും നിരവധി ആളുകളുണ്ടായിരുന്നു. അവര്‍ക്കൊപ്പം അവിടെ ഉറങ്ങി.

അടുത്തദിവസം രാവിലെ പുറപ്പെട്ടു. ഇപ്പോള്‍ മുണ്ടിയെരുമ എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു ക്യാമ്പ്. ആന കടക്കാതിരിക്കാന്‍, വലിയ കിടങ്ങ് കുഴിച്ച് നടുക്കുള്ള തുരുത്തിലാണ് ഉദ്യോഗസ്ഥരൂം താമസിക്കുന്നത്.

വില്ലേജ് അസിസ്റ്റന്റ് കര്‍ഷകരെ കൂട്ടിക്കൊണ്ടുപോയി പ്‌ളോട്ടുകള്‍ കാണിച്ചു കൊടുത്തു. വാക്കത്തിയും കൈക്കോടാലിയും കര്‍ഷകര്‍ കരുതിയിട്ടുണ്ടാകും. തങ്ങളുടെ ബ്‌ളോക്കിലെ മരത്തില്‍ ഈ ആയുധങ്ങള്‍ ഉപയോഗിച്ച് അടയാളം രേഖപ്പെടുത്തി കര്‍ഷകര്‍ അവ സ്വന്തമാക്കി. നേരത്തെതന്നെ കല്ലുകളിട്ട് അതിര്‍ത്തി തിരിച്ചിരുന്നു.

ഞങ്ങളുടെ പ്ലോട്ടിനുനടുവില്‍ ഒരുവേങ്ങമരം നിന്നിരുന്നു. അതില്‍ ഏറൂമാടം നിര്‍മ്മിച്ച് കൃഷി ആരംഭിക്കാന്‍ പണവും നല്‍കിയിട്ട് വലിയച്ഛന്‍ മടങ്ങി.

തുടര്‍ന്ന് വല്യച്ഛനും കൊച്ചുപ്പാപ്പനും മെമ്മോ വന്നു. അവരുടെ പ്ലോട്ടും കൈവശപ്പെടുത്തിയതോടെ അതുവരെ കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന ഞങ്ങള്‍ മൂന്നായിപിരിഞ്ഞ് താമസവും കൃഷിയും ആരംഭിച്ചു. കഠിനദ്ധ്വാനത്തിന്റേയും ഭീകരമായ കഷ്ടപ്പാടിന്റേതുമായിരുന്നു ആദ്യ വര്‍ഷങ്ങള്‍.

ഇപ്പോള്‍ വനംവകുപ്പും അവര്‍ പോറ്റിവളര്‍ത്തുന്ന കപട പരിസ്ഥിതി വാദികളും ചേര്‍ന്ന് ഹൈറേഞ്ചുകര്‍ഷകരെ കാട്ടുകള്ളന്മാരും പരിസ്ഥിതി വിനാശകരുമായി ചിത്രീകരിക്കുകയാണ്. സര്‍ക്കാരിന്റെ ആവശ്യമായിരുന്നു കര്‍ഷകരെ ഹൈറേഞ്ചില്‍ കുടിയിരുത്തുക.

കല്ലാർപട്ടം കോളനിയിലെ ആദ്യകാല കുടിയേറ്റ കർഷകനും റേഷൻ വ്യാപാരിയുമായിരുന്ന ലേഖകൻ ഇപ്പോൾ ജന്മദേശമായ തിരുവല്ലയിൽ വിശ്രമജീവിതം നയിക്കുന്നു.
ഫോൺ : 9745826816, 9947466046

Share

About തമ്പി തോമസ് കൊന്നയ്ക്കൽ

View all posts by തമ്പി തോമസ് കൊന്നയ്ക്കൽ →