സംസ്ഥാനത്ത് 10/07/2021 ശനിയാഴ്ച്ച മുതൽ വാരാന്ത്യ കർഫ്യൂ ഉണ്ടാകില്ലെന്ന് കർണാടക സർക്കാരിന്റെ പ്രഖ്യാപനം. ജാഗ്രത തുടരുമെന്നും ഇതിന്റെ ഭാഗമായി രാത്രി ഒമ്പത് മുതൽ പുലർച്ച അഞ്ചു വരെയുള്ള രാത്രികാല കർഫ്യൂ തുടരുമെന്നും കർണാടക വ്യക്തമാക്കി.
കണ്ടെയിൻമെന്റിന് പുറത്തുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്യൂഷൻ-കോച്ചിങ് സെന്ററുകളും അടഞ്ഞ് തന്നെ കിടക്കും.
05/07/2021 തിങ്കളാഴ്ച മുതൽ പൊതുഗതാഗതത്തിൽ വാഹനങ്ങളിലെ ഇരിപ്പിടത്തിന് അനുസൃതമായി ആളുകളെ കയറ്റാം. കണ്ടെയിൻമെന്റ് സോണുകൾക്ക് പുറത്ത് മാളുകൾ, സിനിമാ തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ, ഓഫീസുകൾ, മറ്റു കടകൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാം. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് പരിശീലന ആവശ്യങ്ങൾക്കായി സ്വിമ്മിങ് പൂളുകളിലേക്ക് പ്രവേശനം അനുവദിച്ചു. പരിശീലനത്തിനായി സ്പോർട് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാം. കാഴ്ചക്കാരെ അനുവദിക്കില്ല.