ഇന്ത്യാ-പാക് യുദ്ധവിജയത്തിന്റെ സുവര്‍ണ ജൂബിലി : ദീപശിഖ ശനിയാഴ്ച തിരുവനന്തപുരത്തെത്തും

1971-ല്‍ നടന്ന യുദ്ധത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കൈവരിച്ച വിജയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി നാഷണല്‍ വാര്‍ മെമ്മോറിയലില്‍ നിന്നും ആരംഭിച്ച വിജയ ദീപശിഖ ശനിയാഴ്ച (ജൂലൈ 3) വൈകിട്ട് തിരുവനന്തപുരത്തെത്തും. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ദീപശിഖ ഏറ്റുവാങ്ങും.

വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്  ഏകദേശം 2500 കി.മീ പിന്നിട്ട് എത്തുന്ന ദീപശിഖ രാജ്യത്തുടനീളമുള്ള 1971-ല്‍ പങ്കെടുത്ത യുദ്ധ നായകന്‍മാരെയും അവരുടെ ആശ്രിതരെയും ആദരിക്കുകയും ചെയ്യുന്നു.

തലസ്ഥാനത്ത് എത്തുന്ന ദീപശിഖ  ഈ മാസം 4-ാം തീയതി (ഞായാറാഴ്ച), 1971 യുദ്ധത്തില്‍ പങ്കെടുക്കുകയും വീര്‍ചക്ര ബഹുമതി ലഭിക്കുകയും ചെയ്ത തിരുവനന്തപുരം ചെട്ടികുളങ്ങര സ്വദേശിയായ ക്യാപ്റ്റന്‍ ഗോപകുമാര്‍ രാമന്‍പിള്ളയുടെ വീട് സന്ദര്‍ശിക്കുകയും, അവിടത്തെ മണ്ണ് ശേഖരിക്കുകയും അദ്ദേഹത്തിന്റെ പത്‌നിയായ ശ്രീമതി. ഗീത ഗോപകുമാറിനെ ആദരിക്കുകയും ചെയ്യും. ക്യാപ്റ്റന്‍ ഗോപകുമാര്‍ 1982-ലാണ് മരണപ്പെട്ടത്.

പാങ്ങോട് സൈനിക കേന്ദ്രത്തില്‍ എത്തുന്ന ദീപശിഖയ്ക്ക് ജൂലൈ 5-ന് പാങ്ങോട് യുദ്ധ സ്മാരകത്തില്‍, 1971 യുദ്ധത്തില്‍ വീരമൃത്യൂ വരിച്ച സൈനികര്‍ക്കായി പുഷ്പചക്രം സമര്‍പ്പിക്കുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യും.  ജൂലൈ 6-ന് ദീപശിഖ ദക്ഷിണ വ്യോമസേനയ്ക്ക് കൈമാറും. ജൂലൈ 7-ന് തിരുവനന്തപുരം നാവികസേനാ യൂണിറ്റിനും, ജൂലൈ 8-ന് എന്‍.സി.സി-ക്കും, ജൂലൈ 9-ന് വിഴിഞ്ഞത്തെ തീരസംരക്ഷണ സേനയ്ക്കും ശേഷം ജൂലൈ 10-ന് ദീപശിഖ കന്യാകുമാരിയിലേക്ക് കൊണ്ടു പോകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →