കേന്ദ്രമന്ത്രിസഭ അഴിച്ചു പണി ഉടൻ

ദില്ലി: കേന്ദ്രമന്ത്രിസഭയിൽ ഉടൻ സമഗ്രമായ അഴിച്ചു പണി നടക്കുമെന്ന് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024-ലെ പൊതുതെരഞ്ഞെടുപ്പും മുന്നിൽ കണ്ടായിരിക്കും മോദിയുടെ മന്ത്രിസഭാ വിപുലീകരണം എന്നാണ് സൂചന.

കോണ്ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാതിദ്യ സിന്ധ്യ, അസമിൽ ഹിമന്ത ബിശ്വാസ് ശർമ്മയ്ക്കായി വഴി മാറി കൊടുത്ത സർബാനന്ദ സോനാവൽ, ബീഹാറിൽ നിന്നും സുശീൽ കുമാർ മോദി എന്നിവർ മന്ത്രിസഭയിലേക്ക് എത്തും എന്നാണ് സൂചന. മഹാരാഷ്ട്രയിൽ നിന്നും നാരായണ് റാണേ, ഭൂപേന്ദ്രയാദവ് എന്നിവരും മന്ത്രിസഭയിൽ എത്തിയേക്കും. യുപിയിൽ നിന്നും വരുണ് ഗാന്ധി, രാംശങ്കർ കഠേരിയ, അനിൽ ജയ്ൻ, റീത്താ ബഹുഗുണാ ജോഷി, സഫർ ഇസ്ലാം എന്നിവർക്കും മന്ത്രിസ്ഥാനം കിട്ടാൻ സാധ്യതയുണ്ട്. ബിജെപി സഖ്യകക്ഷിയായ അപ്നാ ദളിലെ അനുപ്രിയ പട്ടേലിൻ് പേരും പറഞ്ഞു കേൾക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചച് വച്ച ബംഗാൾ ബിജെപിയിൽ നിന്നും ചിലർ മന്ത്രിസഭയിലേക്ക് വന്നേക്കും.

രണ്ടാം മോദി സർക്കാരിൽ നിലവിൽ 53 മന്ത്രിമാരാണുള്ളത്. ഭരണഘടന പ്രകാരം കേന്ദ്രമന്ത്രിസഭയിൽ 81 അംഗങ്ങൾ വരെയാവാം. മന്ത്രിസഭയിൽ കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തി വികസിപ്പിക്കാനും മോശം പ്രകടനം നടത്തിയ ചിലരെ പാർട്ടി പദവികളിലേക്ക് കൊണ്ടു വരാനുമുള്ള നീക്കങ്ങളാണ് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്.

പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നിവർ പല തവണയായി നടത്തിയ ചർച്ചകൾക്കൊടുവിൽ 25 പേരെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടു വരാൻ ധാരണയായി എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →