ഇനി കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ ലഭ്യമാകും. ഉടമയെ വിശ്വാസത്തിലെടുത്ത് കെട്ടിട നിര്‍മാണാനുമതി നല്‍കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. ലോ റിസ്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റര്‍വരെ വിസ്തൃതിയുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍,100 ചതുരശ്ര മീറ്റര്‍വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങള്‍, 200 ചതുരശ്ര മീറ്റര്‍വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, മതപരമായ കെട്ടിടങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പെര്‍മിറ്റ് നല്‍കുക.കെട്ടിടത്തിന്റെ അടിസ്ഥാനം പൂര്‍ത്തിയായാല്‍ സ്ഥലപരിശോധന നടത്തും.
ചട്ടലംഘനമുണ്ടെങ്കില്‍ തുടക്കത്തില്‍ കണ്ടെത്താനും ഇതുവഴി സാധിക്കും.
തദ്ദേശഭരണ സ്ഥാപനത്തില്‍ നിശ്ചിത ഫോമില്‍ പ്ലാനുകള്‍ ഉള്‍പ്പെടെ എം പാനല്‍ഡ് ലൈസന്‍സികളാണ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. നഗരകാര്യ വകുപ്പില്‍ ഫീസ് അടച്ച് എംപാനല്‍ ചെയ്ത രജിസ്റ്റേര്‍ഡ് ലൈസന്‍സികള്‍ ആയിരിക്കണം ഇത്. അപേക്ഷ ലഭിച്ചെന്ന് തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ പെര്‍മിറ്റ് ലഭിച്ചതായി കണക്കാക്കും. അഞ്ചു ദിവസത്തിനുള്ളില്‍ ഈ നടപടി പൂര്‍ത്തിയാക്കണം.
അപേക്ഷയില്‍ രേഖപ്പെടുത്തിയ തീയതിയില്‍ നിര്‍മാണം ആരംഭിക്കാം. അപേക്ഷ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ക്കും ബാധകമായ മറ്റു ചട്ടങ്ങള്‍ക്കും വിധേയമായിരിക്കണം.
ചക്കരക്കൽ വാർത്ത. നിരാക്ഷേപപത്രം (എന്‍ഒസി) ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ അതുകൂടി ഉള്‍പ്പെടുത്തിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പെര്‍മിറ്റ് ലഭിക്കാന്‍ നിലവിലുള്ള വിവിധ പരിശോധനയും നടപടിക്രമങ്ങളും ഇതിലൂടെ ഒഴിവാകും. ഒരുവര്‍ഷം ഏകദേശം, നഗരസഭകളില്‍ 80,000വും പഞ്ചായത്തുകളില്‍ 1,65,000 കെട്ടിടനിര്‍മാണ അപേക്ഷകളും കൈകാര്യം ചെയ്യുന്നുണ്ട്. ഇതില്‍ രണ്ടുലക്ഷത്തോളം അപേക്ഷയിലെങ്കിലും ഇത്തരത്തില്‍ പെര്‍മിറ്റ് നല്‍കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

