തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിക്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ദളിത് വിഭാഗത്തില്‍ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനില്‍കാന്ത്. എഡിജിപി കസേരയില്‍ നിന്നും നേരിട്ട പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. അപ്രതീക്ഷിതമായാണ് യുപിഎസ് സി.യുടെ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ അനില്‍കാന്ത് ഇടം നേടിയത്.
ദില്ലി സര്‍വ്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ എം എ പൂര്‍ത്തിയാക്കിയശേഷമാണ് അനില്‍ കാന്ത് സിവില്‍ സര്‍വ്വീസ് നേടുന്നത്. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
സംസ്ഥാനം കൊടുത്ത പട്ടികയില്‍ ഉള്‍പ്പെട്ട അരുണ്‍കുമാര്‍ സിഹ്ന ഒഴിയുകയും തച്ചങ്കരിയെ ഒഴിവാക്കുകയും ചെയ്തതാണ് അനില്‍കാന്ത് യുപിഎസ് സി പട്ടികയില്‍ ഇടം പിടിക്കുന്നത്. നിലവില്‍ എഡിജിപിയാണ് ഇദ്ദേഹം. ഡിജിപി തസ്തികയില്‍ എത്തും മുമ്ബെ പൊലീസ് മേധാവി. അടുത്ത മാസം 30 ന് മാത്രം ഡിജിപി റാങ്കിലെത്തുന്ന അനില്‍കാന്തിന് ഏഴ് മാസത്തെ സര്‍വ്വീസാണ് ബാക്കിയുള്ളത്. പക്ഷെ പൊലീസ് മേധാവിയായതോടെ രണ്ട് വര്‍ഷം കൂടി അധികമായി കിട്ടും.
ബെഹ്റയെ പോലെ വിജിലന്‍സ്, ഫയര്‍ഫോഴ്സ്, ജയില്‍ തുടങ്ങി ആഭ്യന്തരവകുപ്പിന് കീഴിലെ എല്ലാ വിഭാഗത്തിന്‍്റെയും തലവനായ ശേഷമാണ് അനില്‍ കാന്തും പൊലീസ് മേധാവിയാകുന്നത്. വിവിധ ജില്ലകളില്‍ പൊലീസ് മേധാവിയായും ഐബിയിലും സേവനമനുഷ്ഠിച്ചു. അഞ്ച് വര്‍ഷം പിണറായിക്കൊപ്പം വലംകൈയ്യായി ഉണ്ടായിരുന്ന പൊലീസ് മേധാവിയായിരുന്നു ബെഹ്റ. ബെഹ്റയുടെ പിന്‍ഗാമിയായി രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്ത് ഇനി അനില്‍കാന്ത്.