സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

തൃശൂർ: നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. തൃശൂര്‍ മണാലൂര്‍ വെച്ചാണ് പ്രതിയെ പിടി കൂടിയത്. പ്രവീണ്‍ ബാലചന്ദ്രനാണ് പിടിയിലായത്. പ്രവീണ്‍ ബാലചന്ദ്രന് എതിരെ കോട്ടയം ജില്ലയില്‍ മാത്രം 6 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ്, മുണ്ടക്കയം സ്റ്റേഷനുകളിലാണ് കേസുകള്‍ ഉള്ളത്. കോട്ടയം ഉഴവൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

കോട്ടയം ഉഴവൂര്‍ സ്വദേശിനിയായ യുവതി സ്പീക്കര്‍ എംബി രാജേഷിനെ നേരിട്ട് ഫോണില്‍ വിളിച്ച് പരാതി അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സ്പീക്കറുടെ പി എ ആണെന്ന് പറഞ്ഞു പണം തട്ടിയെടുത്തു എന്നാണ് യുവതി സ്പീക്കറോട് പറഞ്ഞത്.

ജല അതോറിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. 10000 രൂപ വാങ്ങി എന്നാണ് പരാതി. സ്പീക്കര്‍ ഡിജിപിക്ക് പരാതി നല്‍കിയതോടെയാണ് കേസ് അന്വേഷണം ഊര്‍ജിതമായത്.

സംഭവത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എം ബി രാജേഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തൃശ്ശൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രവീണ്‍ ബാലചന്ദ്രനെ കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. കൂടുതല്‍ ആളുകള്‍ സമാനമായ പരാതി ഉയര്‍ത്താനുള്ള സാധ്യത ഉണ്ട് എന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. അത് മുന്‍നിര്‍ത്തി അന്വേഷണം നടത്താനാണ് പോലീസ് തീരുമാനിച്ചത്. ഇയാളെ ചോദ്യം ചെയ്തശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പോലീസ് കരുതുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →