ചടങ്ങുകളില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു. ജില്ലയിലെ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധനടപടികളും നിരീക്ഷണ സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
വിവാഹം, ഗൃഹപ്രവേശം, മരണം തുടങ്ങിയ ചടങ്ങുകളില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അനുവദനീയമായ എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. ആളുകള്‍ കൂടുതലായി പങ്കെടുക്കുന്നുണ്ടോയെന്ന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നിരീക്ഷിക്കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. കോവിഡ് വാക്‌സിനേഷന്‍ ഫലപ്രദമായി കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള പുതുപ്പാടി, ഒഞ്ചിയം, വടകര, തുറയൂര്‍, അത്തോളി, പെരുമണ്ണ, പെരുവയല്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമ്പര്‍ക്ക പരിശോധന (കോണ്‍ട്രാക്ട് ട്രെയ്‌സിംഗ്) വര്‍ദ്ധിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കോവിഡ് പോസിറ്റീവ് ആകുന്ന വ്യക്തികളെ പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്ററുകളിലേക്കോ എഫ്എല്‍ടിസികളിലേക്കോ മാറ്റണം.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.