ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ വിവിധ വാർഡുകളിലായി നാൽപ്പതോളം പേർ ഛർദ്ദിയെത്തുടർന്ന് ജനറൽ ആശുപത്രിയിലും വനിത-ശിശു ആശുപത്രിയിലും ചികിത്സ തേടിയിട്ടുള്ളതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. പലചടങ്ങുകളിൽനിന്ന് ബിരിയാണി ഭക്ഷിച്ചവരാണ് രോഗബാധിതരായിട്ടുള്ളതെന്നാണ് പ്രാഥമിക നിരീക്ഷണത്തിൽ വിലയിരുത്തിയിട്ടുള്ളത്. ഒരാഴ്ചയായി പല വാർഡുകളിലും ജലദൗർലഭ്യമുള്ളതായും അറിയാൻ കഴിഞ്ഞു. വെള്ളത്തിന്റെ ഗുണനിലവാരം, ചിക്കൻ സ്റ്റാളുകൾ, പാചകശാലകൾ എന്നിവിടങ്ങളിലെ ശുചിത്വം ഉറപ്പാക്കാനായി ജല അതോറിറ്റിയുമായും ഭക്ഷ്യ സുരക്ഷവകുപ്പുമായും ചേർന്ന് പ്രവർത്തനങ്ങൾ നടത്തും. ജനങ്ങൾ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂവെന്നും ഭക്ഷണശുചിത്വം പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.



