ഇന്ത്യൻ കരസേനയുടെ പതിനാലാം കോർ ഉദ്യോഗസ്ഥർ, സൈനികർ എന്നിവരുമായി പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് 2021 ജൂൺ 28ന് ലഡാക്കിലെ കാരു സൈനിക കേന്ദ്രത്തിൽ ആശയവിനിമയം നടത്തി
തന്റെ അഭിസംബോധനയ്ക്കിടെ 2020ലെ ഗൽവാൻ താഴ്വര സംഭവത്തിൽ രാജ്യത്തിനായി ജീവൻ അർപ്പിച്ച ധീരജവാന്മാർക്ക് അദ്ദേഹം ആദരം അർപ്പിച്ചു . അവരുടെ പരമമായ ത്യാഗത്തെ രാജ്യം ഒരിക്കലും മറക്കില്ല എന്നും അദ്ദേഹം പറഞ്ഞു
സംഭവത്തിൽ ഇന്ത്യൻ കരസേന പ്രകടിപ്പിച്ച ധീരമായ ധൈര്യത്തെ അഭിനന്ദിച്ച പ്രതിരോധ മന്ത്രി, തങ്ങളുടെ സായുധസേനകളിൽ രാജ്യം അഭിമാനം കൊള്ളുന്നു എന്ന് അഭിപ്രായപ്പെട്ടു
ഒരു തരത്തിലുള്ള ആക്രമണത്തിനും ഒരിക്കലും ശ്രമിക്കാത്ത സമാധാനം ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്ന് ശ്രീ രാജ്നാഥ് സിംഗ് പ്രസ്താവിച്ചു . അതേ സമയം തന്നെ, പ്രകോപനപരമായ നടപടികൾക്ക് തക്കതായ മറുപടി നൽകാൻ ഇന്ത്യ എല്ലായിപ്പോഴും സുസജ്ജം ആണെന്നും അദ്ദേഹം വ്യക്തമാക്കി . അയൽ രാജ്യങ്ങളുമായുള്ള തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്ന ഭരണകൂടത്തിന്റെ നിലപാട് ആവർത്തിച്ച കേന്ദ്ര മന്ത്രി, എന്നാൽ രാജ്യത്തിന്റെ സുരക്ഷയിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും രാജ്യത്തിന് ഉറപ്പുനൽകി
എല്ലാ പ്രതികൂല സാഹചര്യങ്ങളിലും മികച്ച രീതിയിൽ പ്രതികരിക്കാൻ കഴിയുന്ന ശക്തമായ സൈന്യം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന ഭരണകൂടത്തിന്റെ ദർശനം ഊട്ടിയുറപ്പിച്ചുകൊണ്ട്, സായുധസേനകൾക്ക് സാധ്യമായ എല്ലാ പിന്തുണയും പ്രതിരോധ മന്ത്രി ഉറപ്പുനൽകി.
1965 ലെ ഇന്ത്യ -പാക് യുദ്ധം, 1999-ലെ കാർഗിൽ യുദ്ധം എന്നിവയിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പതിനാലാം കോറിനെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു
വടക്കൻ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ലെഫ്റ്റനന്റ്ജനറൽ വൈ കെ ജോഷി, പതിനാലാം കോർ ജനറൽ ഓഫീസർ കമാൻഡിങ് ലെഫ്റ്റനന്റ്ജനറൽ പി ജി കെ മേനോൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു