ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കില്ലെന്ന് സെറീന വില്യംസ്

വാഷിങ്ടണ്‍: അടുത്ത മാസം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കില്ലെന്ന് അമേരിക്കന്‍ ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീന വില്യംസ്. ഒളിംപിക്സില്‍ നിന്ന് പിന്‍മാറാന്‍ ഒരുപാട് കാരണങ്ങളുണ്ടെന്നാണ് സെറീന പറയുന്നത്. സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ ടോക്കിയോ ഒളിംപിക്സില്‍ നിന്നും വിംബിള്‍ഡണ്‍ മല്‍സരത്തില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെയാണ് സെറീനയുടെ പ്രഖ്യാപനം. അതേസമയം, വിംബിള്‍ഡണില്‍ തന്റെ 24ആമത് ഗ്രാന്‍ഡ്സ്ളാം നേടാന്‍ ശ്രമിക്കുമെന്നും സെറീന പറഞ്ഞു. വിംബിള്‍ഡണിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് സെറീന ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഒളിംപിക് പട്ടികയില്‍ ഇല്ല, ഇക്കാര്യം ഇതുവരെ വ്യക്തമായിരുന്നില്ല. അതിനാല്‍ ഇത്തവണ ഒളിംപിക്സില്‍ താന്‍ ഉണ്ടാകില്ലെന്ന് സെറീന വില്യംസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുന്‍ എറ്റിപി ലോക ഒന്നാം നമ്പര്‍ താരമാണ് സെറീന. 23 സിംഗിള്‍സും 14 ഡബിള്‍സും 2 മിക്സഡ് ഡബിള്‍സും ഉള്‍പ്പടെ 39 ഗ്രാന്‍ഡ് സ്ളാമുകള്‍ ഇവര്‍ നേടിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം