ന്യൂഡല്‍ഹി: ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് മധ്യപ്രദേശില്‍ രണ്ടു മരണം. മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് മരണം സ്ഥിരീകരിച്ചത്. കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവരാണ് മരണമടഞ്ഞ രണ്ടുപേരുമെന്ന് സംസ്ഥാനത്തെ കോവിഡ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. അതേസമയം, നിലവില്‍ ഉപയോഗിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകളെ അതിജീവിക്കാന്‍ ഈ വൈറസ് വകഭേദത്തിനു കഴിയുമോ എന്ന് ഐ.സി.എം.ആര്‍- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പഠനം നടക്കുകയാണ്.ഇന്ത്യയിലടക്കം അതിതീവ്രവ്യാപന ആശങ്കയുണ്ടാക്കിയ ബി.1.617.2 (ഡെല്‍റ്റ) വൈറസിനു രൂപമാറ്റം സംഭവിച്ചുണ്ടായതാണു ഡെല്‍റ്റ പ്ലസ് (ബി.1.617.2.1) വകഭേദം.
അതേസമയം, പത്തു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ഇതുവരെ 52 പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുണ്ടായ കോവിഡ് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ 20 രോഗികളിലാണു ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. തമിഴ്‌നാട് (9), മധ്യപ്രദേശ് (7), കേരളം (3) സംസ്ഥാനങ്ങളാണു തൊട്ടുപിന്നില്‍. പഞ്ചാബിലും ഗുജറാത്തിലും രണ്ടു വീതവും ആന്ധ്രയിലും ഒഡീഷയിലും രാജസ്ഥാനിലും കര്‍ണാടകയിലും ഒന്നുവീതവുമാണു രോഗികള്‍.

