വനിത കമ്മിഷൻ അധ്യക്ഷ ജോസഫൈൻ രാജിവെച്ചു

തിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതി അറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ചെന്ന വിവാദത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എംസി ജോസഫൈന്‍ രാജി വച്ചു. ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത 25/06/21 വെളളിയാഴ്ചത്തെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെയാണ് രാജി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈന്‍ നടത്തിയ പരാമര്‍ശം വ്യാപകമായ വിമര്‍ശനം ഏറ്റവാങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. യോഗത്തിലും കൂട്ട വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് നടപടി.

കമ്മീഷന്റെ കാലാവധി തീരാന്‍ എട്ട് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് രാജി . കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിന് സമാനമായി തന്നെ എം സി ജോസഫൈന്‍ നിലപാട് വിശദീകരിച്ചെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കൂട്ട വിമര്‍ശനമാണ് ഉയര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇപി ജയരാജന്‍ ഉള്‍പ്പെടെ കടുത്ത നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈന്റെ കയ്യില്‍ നിന്നും രാജി എഴുതി വാങ്ങുന്ന നില ഉണ്ടാവരുത് എന്ന് ധാരണ ഉണ്ടായിരുന്നു. ഇതിൻ പ്രകാരമാണ് സ്വയം പുറത്ത് പോവുന്നു എന്ന നിലപാട് ജോസഫൈന്‍ സ്വീകരിച്ചത്.

ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ സമര പരിപാടികളിലേക്ക് കടക്കാനും സര്‍ക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കമെന്നിരിക്കെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →