ന്യൂഡൽഹി: പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ വ്യാജ പ്രൊഫൈലുകൾ നീക്കം ചെയ്യണമെന്ന് സമൂഹമാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുങ്ങിയ സമൂഹമാധ്യമങ്ങൾക്കാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. പുതിയ ഐടി ചട്ടപ്രകാരമാണ് ഈ നിർദേശം.
ഏതെങ്കിലും വ്യക്തിയുടെ പേരിൽ വ്യാജപ്രൊഫൈലുകളുണ്ടെന്ന് പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ അത് നീക്കണമെന്നാണ് കേന്ദ്രസർക്കാർ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നിർദേശം കർശനമായി പാലിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുങ്ങിയ സമൂഹമാധ്യമങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
പല പ്രമുഖ വ്യക്തികളുടേയും പേരുകളിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അതിൽനിന്നും പോസ്റ്റുകൾ ചെയ്യുന്ന പ്രവണതയുണ്ട്. അതുപോലെ സാധാരണക്കാരുടെ പേരിൽ വ്യാജപ്രൊഫൈൽ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് സുപ്രധാന നിർദേശം സമൂഹമാധ്യമ കമ്പനികൾക്ക് നൽകിയിരിക്കുന്നത്. സമീപ കാലത്ത് വിവാദമായിരിക്കുന്ന ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് നിർദേശം.
നിർദേശം സമൂഹമാധ്യമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇനി മുതൽ വ്യാജപ്രൊഫൈലുകൾ സംബന്ധിച്ച് പരാതി ലഭിച്ചാൽ അത് നീക്കാൻ സമൂഹമാധ്യമങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടായിരിക്കുമെന്നാണ് കേന്ദ്ര സർക്കാർ നിർദേശത്തിലൂടെ വ്യക്തമായിരിക്കുന്നത്. ഇക്കാര്യത്തിൽ സമൂഹമാധ്യമങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.