കോഴിക്കോട്: രാമനാട്ടുകരയിൽ 21/06/21 തിങ്കളാഴ്ച പുലർച്ചെയുണ്ടായ വാഹന അപകടത്തിനു പിന്നിലുള്ളത് സിനിമാക്കഥയെ വെല്ലുന്ന കള്ളക്കടത്തും കൊള്ളയും.
അപകടം നടന്ന പുലർച്ചയ്ക്ക് കരിപ്പൂർ എയർപോർട്ടിൽ നിന്നും വരുന്ന കൊടുവള്ളി സ്വദേശികളായ സ്വർണ കടത്ത് സംഘത്തെ അപകടത്തിൽപ്പെട്ട ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ചംഗ സംഘം പിന്തുടർന്നതായി പൊലീസ് പറയുന്നു.
എന്നാൽ രാമനാട്ടുകരയിൽ എത്തിയപ്പോൾ കൊടുവള്ളി സ്വദേശികൾക്കായി വിദേശത്ത് നിന്നും എത്തിച്ച സ്വർണ്ണം എയർപോർട്ടിൽ കസ്റ്റംസ് പിടിച്ചതായി ചെർപ്പുളശ്ശേരി സംഘത്തിന് വിവരം ലഭിച്ചു. ഇതോടെ രാമനാട്ടുകരയിൽ നിന്നും വാഹനവുമായി തിരിച്ച് വീണ്ടും എയർ പോർട്ടിലേക്ക് അമിത വേഗതയിൽ മടങ്ങും വഴിയായിരുന്നു അപകടം.
അമിത വേഗതയിൽ പോയ ബോലേറോ പുളിച്ചോടിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട് പലതവണ മറിഞ്ഞ ശേഷമാണ് തമിഴ് നാട്ടിൽ നിന്നും സിമന്റുമായി എത്തിയ ലോറിയിൽ ഇടിച്ചത്. ഇതോടെ നിയന്ത്രണം വിട്ട ലോറി ഇലട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനം മറിഞ്ഞത് മൂലമുണ്ടായ ക്ഷതമേറ്റാണ് അഞ്ച് പേരും മരിച്ചത്.
രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ സ്വർണക്കടത്ത് വിവാദത്തിനു ശേഷവും കേരളത്തിലേക്ക് കളളക്കടത്ത് സ്വർണം ഒഴുകുന്നതായാണ് സൂചന. കളളക്കടത്തുകാരെ കൊള്ളയടിക്കുന്ന സംഘങ്ങളും സജീവമാണെന്നാണ് രാമനാട്ടുകര അപകടത്തിലൂടെ വ്യക്തമാകുന്നത്.

