ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ഇന്ത്യയിലെത്തിയത് 6,400 കോടി ഡോളര്‍ വിദേശനിക്ഷേപം.ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിച്ച രാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യെന്നും യുണൈറ്റഡ് നേഷന്‍സ്(യു.എന്‍) വ്യക്തമാക്കി.ഇന്നലെ പ്രസിദ്ധീകരിച്ച ‘ദ് വേള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് റിപ്പോര്‍ട്ട് 2021’ലാണ് യു.എന്‍. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.കോവിഡും രണ്ടാംതരംഗവും ഇന്ത്യയുടെ നിക്ഷേപ സ്വപ്നങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ദൃഢമാണെന്നും ഈ ശുഭാപ്തി വിശ്വാസമാണ് നിക്ഷേപമാകര്‍ഷിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബഹുരാഷ്ട്ര കമ്പനികള്‍ മാന്ദ്യഭീഷണി മൂലം നടപ്പാക്കാനിരുന്ന പദ്ധതികള്‍ പുനരവലോകനം ചെയ്യുകയാണ്. ഈ സമയത്താണ് ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപം 27 ശതമാനം വര്‍ധിച്ച് 6,400 കോടി ഡോളറിലെത്തിയത്. 2019ല്‍ ഇത് 5,100 കോടി ഡോളറായിരുന്നു. ഐടി, ടെക് മേഖലകളുടെ പിന്‍ബലത്തിലായിരുന്നു ഇന്ത്യയുടെ കുതിപ്പ്. പുതിയ ഓര്‍ഡറുകള്‍ ലഭിച്ചതും വിദേശകമ്പനികളെ ഏറ്റെടുത്തതും ഇന്ത്യയിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിച്ചു. കോവിഡ് ആഗോളതലത്തില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമനായ ആമസോണ്‍ ഇന്ത്യയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച 280 കോടി ഡോളറിന്റെ നിക്ഷേപം ഇതിന് ഉദാഹരണമാണ്.
അതേസമയം ആഗോളതലത്തില്‍ കോവിഡ് വിദേശനിക്ഷേപങ്ങളില്‍ 35 ശതമാനത്തിന്റെ ഇടിവു വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 2019ല്‍ 1.5 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം നടന്നിടത്ത് കഴിഞ്ഞവര്‍ഷം ഒരുലക്ഷം ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം മാത്രമാണുണ്ടായത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നു ലോകത്ത് നിക്ഷേപങ്ങളും പദ്ധതികളുടെ പൂര്‍ത്തീകരണവും തടസപ്പെട്ടു.

