റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ വാക്‌സിന്‍ വിതരണത്തില്‍ സര്‍ക്കാര്‍ കട്ടപ്പന നഗരസഭയോട്‌ കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധിച്ച്‌ ഡിഎംഒ ഓഫീസിനുമുമ്പില്‍ ധര്‍ണ

June 21, 2021 - 7:20 pm

കട്ടപ്പന: കോവിഡ്‌ വാക്‌സിന്‍ വിതരണത്തില്‍ സര്‍ക്കാര്‍ കട്ടപ്പന നഗരസഭയോട്‌ കാണിക്കന്ന അവഗണന അവസാനിപ്പിയ്‌ക്കുന്നതിനായി സമരം നടത്തുവാന്‍ തങ്ങള്‍ നിര്‍ബന്ധിതരായ സാഹചര്യമാണ്‌ നിലവിലുള്ളതെന്ന്‌ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ കൂടിയായ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാന്റിംഗ്‌കമ്മിറ്റി ചെയര്‍മാനുമായ മനോജ്‌ മുരളി, ഡി.സി.സി ജെനറല്‍ സെക്രട്ടറി അഡ്വ.കെ.ജെ ബെന്നി, പൊതുമരാമത്ത്‌ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായില്‍, ജോയി ആനിത്തോട്ടം, സിജു ചക്കുമ്മൂട്ടില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാക്‌സിനേഷന്‍ ആരംഭിച്ച നാള്‍മുതല്‍ നാളിതുവരെ ഏറ്റവും കുറവ്‌ വാക്‌സിന്‍ ലഭിച്ച സ്ഥലമായി കട്ടപ്പന താലൂക്ക്‌ ആശുപത്രി മാറുകയാണ്‌. എണ്‍പത്‌ ദിവസങ്ങള്‍ക്ക്‌മുമ്പ്‌ ആദ്യ ഡോസ്‌ കോവിഷീല്‍ഡ്‌ ലഭിച്ച ആയിരത്തിലെണ്ണൂറിലധികം ആളുകള്‍ രണ്ടാം ഡോസിനുവേണ്ടിയും പന്തീരായിരത്തിലധികം ആളുകള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആദ്യ ഡോസിന്‌ വേണ്ടിയും കാത്തിരിക്കുയും, വാക്‌സിനേഷനുവേണ്ടി കട്ടപ്പന ടൗണ്‍ ഹാള്‍ നഗരസഭ സജ്ജമാക്കുകയും, വേണ്ട ജീവനക്കാരുടെ കൂടിക്കാഴ്‌ച്ച നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തിട്ടും വാക്‌സിന്‍ ലഭിക്കാത്തതുമൂലം പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിച്ചിട്ടില്ല. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ നേരിട്ട്‌കണ്ട്‌ സ്ഥിതിഗതികള്‍ ധരിപ്പിച്ചിട്ടും കൂടുതല്‍ വാക്‌സിന്‍ അനുവദിക്കാത്തത്‌ രാഷ്‌ട്രീയ ഇടപെടല്‍ മൂലമാണെന്ന്‌ പൊതുജനങ്ങള്‍ സംശയിക്കുന്നു.

കോവിഡ്‌ ആദ്യ തരംഗം ഉണ്ടായപ്പോള്‍തന്നെ സി.എഫ്‌.എല്‍.ടി.സി പ്രവര്‍ത്തനമാരംഭിക്കുകയും പിന്നീട്‌ ഡി.സി.സി പ്രവര്‍ത്തനമാരംഭിക്കുകയും ഇവിടെ സമീപ പഞ്ചായത്തുകളില്‍നിന്നുള്ളവര്‍ക്ക്‌ വരെചികിത്സ നല്‍കുന്നതിന്‌ മുഴുവന്‍ നടപടികള്‍ ചെയ്‌തിട്ടും കട്ടപ്പന നഗരസഭയോടുള്ള അവഗണന തുടരുകയാണെന്ന്‌ നേതാക്കള്‍ പറഞ്ഞു. ജനസംഖ്യാനുപാതികമായാണ്‌ വാക്‌സിന്‍ വിതരണം നടത്തുന്നതെന്ന്‌ സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത്‌ തൊടുപുഴ, കട്ടപ്പന നഗരസഭകളിലാണ്‌. തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്‌ക്ക്‌ 2000 ഡോസ്‌ വാക്‌സിന്‍ അനുവദിക്കുമ്പോള്‍ കട്ടപ്പന താലൂക്ക്‌ ആശുപത്രിയ്‌ക്ക്‌ അനുവദിക്കുന്നത്‌ 300 വാക്‌സിന്‍ മാത്രമാണ്‌. ജനസംഖ്യ കുറവുള്ള മേഖലകളായ പാറക്കടവ്‌ അര്‍ബന്‍ പി.എച്ച്‌.സിയ്‌ക്ക്‌ 3000 വാക്‌സിനും ചെമ്പകപ്പാറ പി.എച്ച്‌.സി, ഇടവെട്ടി പി.എച്ച്‌.സി, ചിത്തിരപുരം പി.എച്ച്‌.സി എന്നിവയ്‌ക്ക്‌ 1000 വാക്‌സിന്‍ വീതം കഴിഞ്ഞ ദിവസം അനുവദിച്ചപ്പോള്‍ കട്ടപ്പനയ്‌ക്ക്‌ ലഭിച്ചത്‌ 300 മാത്രമാണെന്നും യു.ഡി.എഫ്‌ ഭരണത്തിലില്ലാത്ത കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, കരുണാപുരം തുടങ്ങിയപഞ്ചായത്തുകള്‍ക്കും ലഭിയ്‌ക്കുന്ന വാക്‌സിന്‍ പോലും കട്ടപ്പനയ്‌ക്ക്‌ ലഭിക്കുന്നില്ലായെന്നത്‌ സര്‍ക്കാര്‍ രാഷ്‌ട്രീയ വിവേചനം കാണിയ്‌ക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്ന്‌ നേതാക്കള്‍ പറഞ്ഞു.

കട്ടപ്പന താലൂക്ക്‌ ആശുപത്രിയായതിനാല്‍ നഗരസഭാ പരിധിയില്‍ ഉള്ളതിനേക്കാള്‍ ആളുകള്‍ സമീപപഞ്ചായത്തുകളില്‍ നിന്നെത്തിയാണ്‌ ഇവിടെ വാക്‌സിന്‍ എടുക്കുന്നത്‌ എന്നുള്ളതും വാക്‌സിന്‍ ക്ഷാമം രൂക്ഷമാക്കുന്നതിന്‌ കാരണമായിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. യു.ഡി.എഫ്‌ ന്‌ മേല്‍ക്കൈയുള്ള നഗരസഭയായതിനാലാണ്‌ കട്ടപ്പനയോട്‌ സര്‍ക്കാര്‍ അവഗണന കാണിയ്‌ക്കന്നതെന്നും ഇതില്‍ പ്രതിഷേധിച്ച്‌ 22/6/2021 രാവിലെ 11 ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസിന്‌ മുമ്പില്‍ ധര്‍ണ്ണ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *