കിളിമാനൂര്‍: പളളിക്കല്‍ സ്വദേശിയായ സൈനികന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ അഭിനന്ദനം. ആറയില്‍ അവന്തികാ ഭവനില്‍ വിനോദ് കുമാറിനെയാണ് കേന്ദ്രമന്ത്രി ആദരിച്ചത്. ഹിമാചല്‍ പ്രദേശില്‍ ഇന്ത്യ ചൈന അതിര്‍ത്തിയിലുളള തന്ത്ര പ്രധാന മേഖലയില്‍ പാലം നിര്‍മ്മാണത്തിന് മുന്നണിയില്‍ പ്രവര്‍ത്തിച്ചതിനാണ് അംഗീകാരം. കരസേനയില്‍ 20 വര്‍ഷമായി മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗത്തില്‍ ഡ്രൈവറായി സേവനം അനുഷ്ടിക്കുകയാണ് വിനോദ് കുമാര്‍.
വടക്കുകിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച 12 റോഡുകള്‍ രാജ്യത്തിന് സമര്‍പ്പിച്ച വേളയിലായിരുന്നു മന്ത്രി ഉപകാരം നല്‍കിയത്. അരുണാചല്‍ പ്രദേശിലെ കോളറാംഗ് ജില്ലയില്‍ ഉറി, ദാമിന്‍ മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി 200 അടി നീളത്തില്‍ നിര്‍മ്മിച്ച പാലത്തിന്റെ നിര്‍മ്മാണ സാമഗ്രികള്‍ ലോറിയില്‍ കയറ്റി സാഹസികമായി ഡ്രൈവ് ചെയ്‌ത് നിര്‍മ്മാണ പ്രദേശത്ത് എത്തിച്ചതിനാണ് ആദരം.
200ലധികം ലോഡുകളുളള സാധനസാമഗ്രികള്‍ ഹെലികോപ്‌റ്ററില്‍ മലമുകളിലെത്തിച്ചശേഷം അവിടെ നിന്ന് ദുര്‍ഘടമായ പാതയിലൂടെ ലോറികളില്‍ നിര്‍മ്മാണ സ്ഥലത്ത് എത്തിക്കുകയായിരുന്നു. മഹാരാഷട്ര സ്വദേശിയായ മറ്റൊരു ഡ്രൈവറും കൂടി വിനോദിനൊപ്പം ഉണ്ടായിരുന്നു. അസാമിലെ ലഖിംപൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച ഉദ്‌ഘാടന ചടങ്ങില്‍ അസാം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വശര്‍മ ,അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമഖണ്ടു, കേന്ദ്ര യുവനകാര്യ കായിക ന്യൂനപക്ഷകാര്യ ആയുഷ് (ഇന്‌ഡിപെന്‍റന്‍ഡ് ചാര്‍ജ്) കിരണ്‍ റിജിജു, ,പ്രതിരോധ ചീഫ് ജനറല്‍ ബിപിന്‍ റാവത്ത് ,സംസ്ഥാന മന്ത്രി പിഎം ഒഡോ, ജിതേന്ദ്ര സിംഗ്, എന്നീ വിശിഷ്ട വ്യക്തികള്‍ പങ്കെുത്തു.

