ന്യൂഡൽഹി: രാജ്യത്ത് ആശ്വാസമായി കൊവിഡ് മരണസംഖ്യയിൽ 45 ശതമാനം കുറവ്. ശരാശരി പ്രതിദിന മരണം 1400 ആയി.
21/06/21 തിങ്കളാഴ്ച രാവിലത്തെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 53,256 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1422 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 90 ശതമാനം ജില്ലകളിലും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 3.83 ശതമാനമാണ്. ഇതുവരെ 28 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു.
അതേസമയം, രാജ്യത്ത് തിങ്കളാഴ്ച മുതൽ പുതിയ വാക്സിൻ നയം നിലവിൽ വന്നു. വാക്സിൻ്റെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കാനാണ് സർക്കാരിന്റെ നീക്കം. ആകെ വാക്സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യും എന്നാണ് റിപ്പോർട്. ബാക്കി 25 ശതമാനം സ്വാകാര്യ കമ്പനികൾക്ക് നേരിട്ട് വാങ്ങാനാകും.
സ്വകാര്യ കേന്ദ്രങ്ങളുടെ പക്കലിൽ നിന്ന് വാക്സിനായി ഈടാക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കും. നേരത്തെ 50 ശതമാനം വാക്സിൻ മാത്രമായിരുന്നു കേന്ദ്രം നേരിട്ട് വിതരണം ചെയ്തിരുന്നത്. സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം രൂക്ഷമാവുകയും, വാക്സിൻ വിതരണത്തിൽ അസമത്വം ഉണ്ടെന്ന വിമർശനമുയരുകയും ചെയ്തിരുന്നു. പുതിയ നയത്തിലൂടെ ഈ പരാതികൾ പരിഹരിക്കാനാണ് സർക്കാർ ശ്രമം .
സംസ്ഥാനങ്ങളിലെ, ജനസംഖ്യ, രോഗവ്യാപനം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാവും നൽകുന്ന വാക്സിന്റെ അളവ് തീരുമാനിക്കുക.

