ഇബ്രാഹിം റെയ്‌സി ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വിശ്വസ്തനായ, തീവ്രയാഥാസ്ഥിതിക നിലപാടുകാരനും ഇറാന്‍ ചീഫ് ജസ്റ്റിസുമായ ഇബ്രാഹിം റെയ്‌സി പുതിയ ഇറാന്‍ പ്രസിഡന്റ്. 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ റെയ്‌സി 62 ശതമാനം വോട്ടുകള്‍ നേടി.തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലിരുന്ന നിലവിലെ പ്രസിഡന്റും മിതവാദിയുമായ ഹാസന്‍ റൂഹാനി താന്‍ ജനങ്ങളുടെ തെരഞ്ഞെടുപ്പിനെ അഭിനന്ദിക്കുന്നതായി വ്യക്തമാക്കി. 60 വയസുകാരനായ റെയ്‌സി, ഖമനേയിയുടെ പിന്‍ഗാമിയായേക്കുമെന്നും കണക്കാക്കപ്പെടുന്നുണ്ട്. 40 സ്ത്രീകള്‍ ഉള്‍പ്പെടെ 600 സ്ഥാനാര്‍ഥികള്‍ ഏഴുപേരായി ചുരുക്കപ്പെട്ടതോടെ നിരവധി വോട്ടര്‍മാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു. ഇവരില്‍നിന്ന് മൂന്നുപേര്‍ വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പിനു മുമ്പേ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു.

ഗാര്‍ഡിയന്‍ കൗണ്‍സില്‍ ഓഫ് റിക്‌സ് ആന്‍ഡ് ജൂറിസ്റ്റ് തെരഞ്ഞെടുപ്പില്‍നിന്നു വിലക്കിയ മുന്‍ പ്രസിഡന്റ് മഹമ്മൂദ് അഹമ്മദി നെജാദ് ഈ പാപത്തില്‍ പങ്കാളിയാകാന്‍ താനില്ലെന്നു പരസ്യമായി പറഞ്ഞ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു.2015 ല്‍ ഇറാന്‍ വന്‍ ശക്തികളുമായുണ്ടാക്കിയ ആണവ കരാറില്‍നിന്നു 2018 ല്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറിയിരുന്നു. കരാറില്‍നിന്നു പിന്‍വാങ്ങണമെന്ന വാദത്തോടെയാണു തീവ്രപക്ഷം തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതിനിടെ, റെയിസിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തുവന്നു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളില്‍ റെയിസിക്കുള്ള പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. 1988 ല്‍ അരങ്ങേറിയ മാര്‍ക്‌സിറ്റുകള്‍ ഉള്‍പ്പടെയുള്ള ഇടതുപക്ഷക്കാരുടെ കൂട്ടക്കൊലയില്‍ ടെഹ്‌റാനിലെ വിപ്ലവ കോടതി ഡെപ്യൂട്ടി പ്രോസിക്യൂട്ടറായിരുന്ന റെയിസിക്കു പങ്കുണ്ടെന്നാണ് ആരോപണം. മുന്‍പും ഇത്തരം ആരോപണം നിഷേധിച്ചിട്ടുള്ള റെയിസി, പക്ഷേ ഇസ്ലാമിക വിപ്ലവത്തിന്റെ ശത്രുക്കള്‍ക്കെതിരേ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള റൂഹുള്ള ഖമനേയി പുറപ്പെടുവിച്ച ഫത്‌വയെ എക്കാലത്തും ന്യായീകരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →