പയ്യോളി: പയ്യോളി ടൗണിൽ പൂജ സ്റ്റോറിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ബീച്ച് റോഡിന് സമീപത്തെ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന പൂജസാധനങ്ങൾ വിൽക്കുന്ന ‘ശ്രീലക്ഷ്മി ജനറൽ പൂജ’ സ്റ്റോറിനാണ് തീപിടിച്ചത്. 19/06/21 ശനിയാഴ്ച രാവിലെ ആറരയോടെ കട തുറന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപെടുന്നത്.
കട തുറക്കുമ്പോഴേക്കും കടയ്ക്കുള്ളിലെ ഒരു ഭാഗം പൂർണമായും അഗ്നിക്കിരയായിരുന്നു. മറുവശത്തേക്ക് പടർന്നെങ്കിലും കടയുടമയും നാട്ടുകാരും ചേർന്ന് തീ അണച്ചു. പൂജക്ക് ഉപയോഗിക്കുന്ന വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ തീപിടിത്തത്തിൽ കത്തിനശിച്ചു.
നിലവിളക്കുകൾ ഉൾപ്പടെയുള്ള വസ്തുക്കൾ തീ പിടിച്ച് ഉപയോഗശൂന്യമായി. കടയിലെ എ.സി, ടി.വി തുടങ്ങിയവയും പൂർണമായും കത്തിനശിച്ചു. പയ്യോളി സ്വദേശികളായ ബിനീഷ് , വിജീഷ് സഹോദരന്മാരുടേതാണ് സ്ഥാപനം.
പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ.

