ചെന്നൈ: ആയുധങ്ങളുമായി ഒരു ബോട്ട് ശ്രിലങ്കയില്നിന്നും രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാടിന്റെയും കേരളത്തിന്റെയും തീരങ്ങലില്‍ സുരക്ഷ ശക്തമാക്കി. ചെന്നൈ,കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം എന്നിവിടങ്ങളിലെല്ലാം പ്രത്യേക സുരക്ഷാ സംഘത്തെ നിയേഗിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കി കടലില്‍ പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്. തീരത്ത് തന്ത്രപ്രധാനമായ ഇടങ്ങലില്‍ ആയുധ ധാരികളായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. തീരമേഖലകളിലേക്കുളള പ്രധാന റോഡുകളിലും പരിശോധന ശക്തമാക്കി.
എന്നാല്‍ ഏതുഭീകര സംഘടനയില്‍ പെട്ടവരാണ് ബോട്ടിലുളളതെന്ന വിവരം ഇനിയും ലഭ്യമയിട്ടില്ല. ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി രാമേശ്വരം തീരത്തേക്ക് ബോട്ടു തിരിച്ചുവെന്ന് മാത്രമാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. അടുത്തിടെ ശ്രീലങ്കയില്‍ നിന്നുളള മനുഷ്യക്കടത്ത് സംഘത്തെയും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെയും ഇന്ത്യന്‍ തീരത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു.

