മുകുൾ റോയ് തൃണമൂലിലേക്ക് മടങ്ങി; മമത വീണ്ടും സ്കോർ നേടുന്നു

കൊൽക്കത്ത: ബിജെപി യ്ക്ക് കനത്ത പ്രഹരം നൽകി മുകുൾ റോയ് എന്ന പഴയ നേതാവിനെ തിരികെ പാർടിയിലേക്കെത്തിച്ചിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസിൻ്റെ പരമോന്നത നേതാവുമായ മമതാ ബാനർജി.

മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് ശേഷം പശ്ചിമ ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വ്യക്തികളിൽ ഒരാളാണ് 67 കാരനായ മുകുൾ റോയ്.

യൂത്ത് കോൺഗ്രസുമായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച റോയ് 1998 ലാണ് ബാനർജിയുമായി തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചത്. മമതയുടെ വലംകയ്യായ മുകുൾ റോയിയുടെ കൂടെയുള്ള പ്രവർത്തന ഫലമാണ് ഇടതുപക്ഷത്തിനെതിരെ 2011 ൽ ടി എം സി നേടിയ ഐതിഹാസികമായ വിജയം.

തൃണമൂൽ കോൺഗ്രസിലെ അദ്ദേഹത്തിന്റെ സ്വാധീനം അത്തരത്തിലുള്ളതായിരുന്നു, ദിനേശ് ത്രിവേദിയെ ഒഴിവാക്കി 2012 ൽ മുകുൾ റോയിയെ കേന്ദ്ര റെയിൽവേ മന്ത്രിയായി നിയമിക്കാൻ ബാനർജി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.

2015 ൽ, നാരദ, ശാരദ അഴിമതികളിൽ റോയിയുടെ പേര് ഉയർന്നു വരികയും അങ്ങനെ 2017 നവംബറിൽ അദ്ദേഹം ബിജെപിയിൽ എത്തുകയും ചെയ്തു.

ബിജെപിയിൽ ചേർന്നപ്പോൾ മുകുൾ റോയ് ബംഗാളിലെ ഭരണപരവും രാഷ്ട്രീയവുമായ എല്ലാ നേതാക്കളെയും കൂടെ കൊണ്ടുവന്നു. അക്കാലത്താണ് ബിജെപി ബംഗാളിലെ അതിന്റെ അടിത്തറ വികസിപ്പിച്ചതും മെച്ചപ്പെടുത്തിയതും.

ഒടുവിൽ ബിജെപി നേതൃത്വം അദ്ദേഹത്തിന് സംഘടനയിൽ ഉയർന്ന സ്ഥാനം തന്നെ നൽകി. 2020 സെപ്റ്റംബറിൽ ജെ പി നദ്ദ തന്റെ ടീം രൂപീകരിച്ചപ്പോൾ റോയിയെ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി ഉയർത്തി.

എന്നാൽ അടുത്തകാലത്തായി ബിജെപി നേതൃത്വവും മുകുൾ റോയിയും അത്ര സ്വരച്ചേർച്ചയിലല്ല മുന്നോട്ടു പോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അത് ആരംഭിച്ചിരുന്നു. ബിജെപിയിലേക്ക് തൃണമൂൽ നേതാവ് സുവേന്ദു അധികാരി എത്തുകയും അദ്ദേഹത്തിന് കൂടുതൽ പരിഗണന ലഭിക്കുകയും ചെയ്തതോടെ മുകുൾ റോയ് ബി ജെ പി പാളയത്തിൽ നിന്ന് പുറത്തേക്കുള്ള വഴി തെരഞ്ഞെടുക്കുകയായിരുന്നു എന്നും സൂചനകളുണ്ട്.

Share
അഭിപ്രായം എഴുതാം