കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയിലുള്ള പ്രതി മാര്ട്ടിന് ജോസഫിനെതിരെ പരാതിയുമായി കൂടുതല്‍ സ്ത്രീകള്‍. രണ്ടു സ്ത്രീകള്‍ കൂടിയാണ് 11/06/21 വെള്ളിയാഴ്ച പരാതി നല്‍കിയിരിക്കുന്നത്. മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍ പോലീസില്‍ പരാതി നല്‍കണമെന്ന് വെള്ളിയാഴ്ച പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് രണ്ടു സ്ത്രീകള്‍ പരാതിയുമായി എത്തിയത്. ഈ പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. മാര്‍ട്ടിനില്‍ നിന്നും തങ്ങള്‍ക്കും മാനസികവും ശാരീരികവും ആയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.
മാര്‍ട്ടിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ 14/06/21 തിങ്കളാഴ്ച പോലീസ് അപേക്ഷ നല്‍കും. ഓണ്‍ലൈനിലൂടെ കോടതിയില്‍ ഹാജരാക്കിയ മാര്‍ട്ടിനെ ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 43000 രൂപ മാസവാടകയുള്ള ഫ്ലാറ്റില്‍ ആണ് ഇയാള്‍ താമസിച്ചിരുന്നത്.

