കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നല്‍കിയ പത്രിക പിന്‍വലിക്കുന്നതിനായി കെ സുന്ദരയ്ക്ക് ബിജെപി നേതാക്കള്‍ നല്‍കിയ പണം കണ്ടെത്തി. രണ്ടര ലക്ഷം രൂപയാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ നല്‍കിയത് എന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. ഇതില്‍ ഒരു ലക്ഷം രൂപയാണ് കണ്ടെത്തിയത്. സുന്ദരയുടെ സുഹൃത്തിന്റെ കൈവശമായിരുന്നു ഈ പണം സൂക്ഷിച്ചിരുന്നത്. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈബ്രാഞ്ചിന്റെ നടപടി. സുഹൃത്തിന്റെ ബാങ്ക് വിവരങ്ങളും രേഖകളും അന്വേഷണ സംഘം ശേഖരിച്ചു.
രണ്ടര ലക്ഷം രൂപയില്‍ കണ്ടെടുത്ത ഒരു ലക്ഷത്തിന് പുറത്തുള്ള ഒന്നര ലക്ഷം രൂപ ചിലവായിപ്പോയെന്ന് നേരത്തെ സുന്ദര മൊഴി നല്‍കിയിരുന്നു. കടങ്ങളും മറ്റും തീര്‍ക്കാന്‍ ഈ പണം ചിലവഴിച്ചെന്നായിരുന്നു സുന്ദര നല്‍കിയ മൊഴി.
അതിനിടെ, രണ്ടര ലക്ഷം രൂപയ്ക്ക് പുറമെ സുന്ദരയ്ക്കായി ബിജെപി നേതാക്കള്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സുന്ദരയ്ക്ക് നല്‍കാനായി മൊബൈല്‍ ഫോണ്‍ വാങ്ങിയ ആളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാന തെളിവായ ഈ ഫോണ്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഏറ്റെടുത്തിരുന്നു.
അതിനിടെ, 15,000 രൂപയുടേതെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ സുന്ദരയ്ക്ക് നല്‍കിയത് 8000 രൂപയുടെ ഫോണ്‍ ആണെന്ന് വ്യക്തമായിട്ടുണ്ട്. കടയുടമയുടെ മൊഴിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതെന്നാണ് റിപ്പോര്‍ട്. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസ് സംഘം സുന്ദരയുടെ അമ്മയുടെ മൊഴി എടുത്തിരുന്നു. വാണിനഗറിലെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം വിവരങ്ങള്‍ തേടിയത്. സുന്ദരയ്ക്ക് രണ്ടര ലക്ഷം രൂപ ബിജെപി നേതാക്കള്‍ കൈമാറി എന്ന് അമ്മയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് മൊഴിയെടുപ്പ്.