കോഴിക്കോട്: റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊളളയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട ആവശ്യപ്പെട്ടു. പത്തനംതിട്ട,ഇടുക്കി, തൃശൂര്‍, തട്ടേക്കാട് പക്ഷിസങ്കേതം, പാലക്കാട് വയനാട് ,കണ്ണൂര്‍ , കാസര്‍കോട് മേഖലകളില്‍നിന്ന് വന്‍തോതില്‍ മരം കൊളള നടത്തിയെന്നാണ് കേന്ദ്രത്തിന് ലഭിച്ച വിവരം. വനം നിയമത്തിന്റെ ലംഘനമുണ്ടായ സ്ഥിതിക്ക് കേന്ദ്രത്തിന് ഇടപെടാന്‍ ഭരണഘടനാപരമായി തടസങ്ങളില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. 100 കോടി രൂപയിലേറെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രഥമീക കണക്കുകള്‍ കാണിക്കുന്നത്. സാമ്പത്തിക ഇടപാടിനെക്കുറിച്ച എന്‍ഫോഴ്‌സ്‌മെന്റിന് അന്വേഷിക്കാം. വിദേശ, തീവ്രവാദ ബന്ധങ്ങല്‍ കണ്ടെത്തിയാല്‍ സിബിഐ, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ക്കും അന്വേഷിക്കാം.
വനമേഖലയില്‍ കേന്ദ്രസര്‍ക്കാരിന് നിയന്ത്രണമുണ്ടെങ്കിലും പട്ടയ ഭൂമിയില്‍ ഇടപെടുന്നതില്‍ പരിമിതികള്‍ ഉണ്ട്. പട്ടയ ഭൂമിയിലെ മരങ്ങളുടെ കസ്റ്റോഡിയന്‍ ഡിഎഫ്‌ഒ ആണ്. ആ പഴുത് ഉപയോഗിച്ചാണ് മരം മുറിയുടെ വിശദ വിവരങ്ങള്‍ അറിയിക്കാന്‍ വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജവേദ്‌ക്കര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. രണ്ട് ഐഎസെ് ഉദ്യോഗസ്ഥര്‍ ഒപ്പുവച്ച ഉത്തരവുകളുടെ മറപറ്റിയാണ് കോടികള്‍ വിലമതിക്കുന്ന ഈട്ടിമരങ്ങള്‍ വെട്ടിക്കടത്തിയത്. വിവാദ ഉത്തരവിന്റെ ഉറവിടം സെക്രട്ടറിയേറ്റായതിനാല്‍ അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയാല്‍ സര്‍ക്കാരിലെ ഉന്നതരിലേക്കെത്തുമെന്നാണ് ബിജെപി കരുതുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സുപ്രധാന പങ്കുണ്ടായിരുന്ന ഒരാളുടെ ഇടപെടല്‍ ഇക്കാര്യത്തിലും ഉണ്ടായെന്ന ആരോപണം ഉണ്ട് .മുട്ടില്‍ മരം കൊളളയയുമായി ബന്ധപ്പെട്ട് കളളപ്പണം ഇടപാട് നടന്നെന്ന സംശയത്തെ തുടര്‍ന്ന് ഇഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്.കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് അന്വേഷണം ആരംഭിച്ചത്. മരം കൊളളക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വ്യാപകമായി കളളപ്പണം ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ പ്രഥമീക നിഗമനം.മരം കൊളളക്കാര്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചാണ് ഇഡിയെടെ അന്വേഷണം.
. മുട്ടിലില്‍ നിന്ന ഒരുലോഡ് ഈട്ടിമരം പെരുമ്പാവൂരിലേക്ക് കടത്തിയ കച്ചവടത്തിന്റെ അഡ്വാന്‍സായി ഒന്നരകോടി രൂപ പ്രതിയുടെ ബാങ്ക് അക്ക്ണ്ടിലേക്ക് വന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട് .കൊച്ചിയിലെ ഒരു മരം വ്യാപാരിയാണ് ഈ തുക കൈമാറിയത്. താന്‍ ഡിഎഫ്‌ഒമാര്‍ക്കും താഴേതട്ടിലുളള ഉദ്യോഗ സ്ഥര്‍ക്കും ലക്ഷക്കണക്കിന് രൂപ നല്‍കിയിട്ടുണ്ടെന്നാണ് റോജി അഗസ്‌റ്റിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ സഹായിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മാധ്യമ പ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, എന്നിവരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്.

