തൃശ്ശൂർ: റേഞ്ചിനായി മല കയറേണ്ട; ഇന്റര്‍നെറ്റ് സൗകര്യം വീട്ടിലെത്തും

തൃശ്ശൂർ: വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ കുണ്ടായി, ചക്കിപ്പറമ്പ് പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നെറ്റ് തേടി ഇനി മല കയറേണ്ട. ഇന്റര്‍നെറ്റ് സൗകര്യം വീട്ടിനുള്ളില്‍ ഒരുക്കി കൊടുക്കാൻ ജനപ്രതിനിധികളുടെ ഇടപെടല്‍. ഈ പ്രദേശങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കള്‍ക്കും ചക്കിപ്പറമ്പ് കോളനിയിലെ വിദ്യാർത്ഥികള്‍ക്കും ഓാണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് സൗകര്യം ഇനി വീട്ടിലിരുന്നും ലഭിക്കും. ഇതിനായി അവര്‍ക്കിനി 1.5 കിലോമീറ്റര്‍ ദൂരെയുള്ള മലനിരകളില്‍ കയറേണ്ട.

കന്നാട്ടുപാടം ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളും മറ്റു സ്കൂളുകളില്‍ പഠിക്കുന്നവരും കോളേജ് വിദ്യാര്‍ഥികളുമായ 60 ഓളം കുട്ടികള്‍ക്കാണ് ഏറെ നാളുകളായി ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള മലനിരകളെ ആശ്രയിക്കേണ്ടി വന്നിരുന്നത്. പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിന്‍സിന്റെ നേതൃത്വത്തിലാണ് ഈ പരിസരങ്ങളില്‍ ആവശ്യമായ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാൻ ശ്രമം തുടങ്ങിയത്. ഇതിനായി 5.5 കിലോമീറ്റര്‍ ഒപ്റ്റിക്കൽ ഫൈബര്‍ കേബിള്‍ ചക്കിപ്പറമ്പ് കോളനിയില്‍ എത്തിക്കും. ഇടതടമില്ലാതെ നെറ്റ് സേവനം സാധ്യമാക്കാന്‍ 8 മോഡങ്ങളും സ്ഥാപിക്കും. ചക്കിപ്പറമ്പ് കോളനിയില്‍ 5 ഇടങ്ങളിലും കുണ്ടായി പ്രദേശത്ത് 2 എണ്ണവും സ്ഥാപിക്കും. ജില്ലാ പഞ്ചായത്തിന്റെ 2.5 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് ഇന്റര്‍നെറ്റ് ലഭ്യത സാധ്യമാക്കിയിരിക്കുന്നത്.

ഇതോടൊപ്പം തന്നെ എച്ചിപ്പാറ ട്രൈബല്‍ കോളനിയില്‍ നിലനിന്നിരുന്ന ഇന്റര്‍നെറ്റ് ലഭ്യത കുറവും പരിഹരിച്ചു. സ്വകാര്യവ്യക്തി മോഡത്തിന്റെ വാടക നല്‍കാമെന്നേറ്റതോടെ ആ പ്രദേശത്തെ പ്രശ്നത്തിനും പരിഹാരമായി. കൂടാതെ എസ്റ്റേറ്റ് തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന 5 പാഡികളിലും വിദ്യാര്‍ത്ഥികളുടെ പഠനത്തിനാവശ്യമായ നെറ്റ് ഇല്ലാതിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. സ്ഥലത്തെ വിദ്യാര്‍ത്ഥി സംഘടനകളുമായി ജനപ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ആ പ്രദേശത്തെ മോഡത്തിന്റെയും വൈ ഫൈ സ്പോട്ടുകളുടെയും ചെലവ് വഹിക്കാമെന്ന് അവര്‍ ഏല്‍ക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →