ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം 16 കോടി ആയി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 8.4 ദശലക്ഷം (84 ലക്ഷം) കുട്ടികളാണ് പുതുതായി ബാലവേലയില്‍ ഏര്‍പ്പെട്ടതെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് (ഐഎല്‍ഒ) പുറത്ത് വിട്ടിരിക്കുന്നത്. 2000നും 2016 നും ഇത് 94 ദശലക്ഷമായിരുന്നു. 20 വര്‍ഷത്തിനിടെ ആദ്യമായി ബാലവേല അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്തംഭിച്ചെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കൊവിഡ് മഹാമാരിയുടെ ആഘാതം ഇനിയും ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ ജോലിയിലേക്ക് തള്ളിവിടുമെന്നാണ് യുനിസെഫ് പറയുന്നത്. 5 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള 8 കോടിയിലധികം പേരാണ് ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.കൂടുതലും ആണ്‍കുട്ടികളാണ് ബാലവേലയ്ക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്. 2020 ന്റെ തുടക്കത്തില്‍ ബാലവേലയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരായ 160 മില്യണ്‍ കുട്ടികളില്‍ 97 മില്യണും ആണ്‍കുട്ടികളാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ ആഴ്ചയില്‍ 21 മണിക്കൂറെങ്കിലും വീട്ടുജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ഈ സാഹചര്യത്തില്‍ ബാലവേലയില്‍ ഏര്പ്പെടുന്നവരിലെ ലിംഗ വ്യത്യാസം ചൂണ്ടികാണിക്കാന്‍ സാധിക്കില്ല. ഇനി വരുന്ന നാലു വര്‍ഷം കൊണ്ട് അതില്‍ 8.4മില്യണ്‍ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബാലവേലയ്ക്കെതിരെ പോരാടുന്നതിനുള്ള ഒരു അടിത്തറപോലും നമുക്ക് നഷ്ടമായെന്ന്, കോവിഡ് വ്യാപനത്തെ പരാമര്‍ശിച്ചുകൊണ്ട് യുനിസെഫിന്റെ ചീഫ് ഹെന്റിറ്റ ഫോറെ പറയുന്നു. ആഗോള വ്യാപകമായി രണ്ടാമതും ഉണ്ടായ ലോക്ക്ഡൌണ്‍, സ്കൂളുകള്‍ അടച്ചിട്ടത്, സാമ്പത്തിക ഞെരുക്കങ്ങള്‍, രാജ്യങ്ങള്‍ ബജറ്റില്‍ പോലും തുക വകയിരുത്താത്തത് എല്ലാം കുഞ്ഞുങ്ങളെ ജോലിക്ക് അയക്കുക എന്ന ഹൃദയം തകര്‍ക്കുന്ന തീരുമാനമെടുക്കാന്‍ കുടുംബങ്ങളെ നിര്‍ബന്ധിതമാക്കുകയായിരുന്നു എന്നും അദ്ദേഹം ചൂണ്ടികാട്ടി.
കോവിഡിന്റെ തുടക്കത്തില്‍ തന്നെ പത്തില്‍ ഒരു കുട്ടി വീതമെന്ന കണക്കിലാണ് ലോകത്ത് ബാലവേലയ്ക്ക് ഇരയാക്കപ്പെട്ടത്. കോവിഡ് സാഹചര്യത്തില്‍ പട്ടിണിയിലേക്ക് പോകുന്ന കുടുംബങ്ങളുടെ എണ്ണം കുറയ്ക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചില്ലെങ്കില്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 50 മില്യണിലധികം കുഞ്ഞുങ്ങള്‍ ബാലവേലയ്ക്കിറങ്ങാന് നിര്‍ബന്ധിതരായിത്തീരുമെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദാരിദ്ര്യം വര്‍ധിക്കുകയാണെങ്കില്‍ മറ്റൊരു 9 മില്യണ്‍ കുട്ടികള്‍ കൂടി ബാലവേലയിലേക്ക് ഇറങ്ങുന്നതിന് 2022 സാക്ഷിയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.ഓരോ നാലു വര്‍ഷം കൂടുമ്പോഴുമാണ് റിപ്പോര്‍ട്ട് പുറത്തുവിടാറുള്ളത്. കൊവിഡ് ബാലവേലയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് യുനിസെഫിലെ ഇന്ത്യ പ്രതിനിധി ഡോ. യാസ്മിന് അലി ഹക്ക് പറഞ്ഞു.’ഇന്ത്യയിലെ ദരിദ്രരും പിന്നാക്കം നില്ക്കുന്നതുമായ വീടുകളിലെ കുട്ടികള്‍ പഠനം അവസാനിപ്പിക്കല്‍, വിവാഹം, മനുഷ്യകടത്ത് തുടങ്ങിയവയ്ക്ക് ഇരയാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കൊവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരാവുന്നവര്‍ അവഗണന, ദുരുപയോഗം, ചൂഷണം എന്നിവയ്ക്കും ഇരയാവും. അതിനാല്‍ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ദ്രുതഗതിയിലുള്ള നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

