തിരുവനന്തപുരം: കോവിഡ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യേണ്ട കൊവിന്‍ ആപ്പില്‍ പേര് വിവരങ്ങള്‍ തിരുത്താന്‍ അവസരം. നിര്‍ണായക മാറ്റങ്ങളോടെ വരുന്ന ആപ്പില്‍ കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് കിട്ടുന്ന സര്‍ടിഫികറ്റിൽ വിവരങ്ങള്‍ തിരുത്താന്‍ അവസരമുണ്ടാകും. രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞവര്‍ക്ക് കൊവിന്‍ പോര്‍ടലില്‍ പേര്, പ്രായം ഉള്‍പെടെയുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ തിരുത്താനുള്ള സംവിധാനം ഉടനെ നിലവില്‍ വരും. പുതിയ മാറ്റങ്ങളുള്‍പെടുത്താനുള്ള അപ്‌ഡേറ്റ് 12/06/21 ശനിയാഴ്ചയോടെ പൂര്‍ത്തിയാകും.
രജിസ്റ്റര്‍ ചെയ്തയാള്‍ക്ക് തന്നെ തെറ്റുകളുണ്ടെങ്കില്‍ തിരുത്തി സര്‍ടിഫികറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതടക്കമുള്ള അപ്‌ഡേഷനാണ് പുരോഗമിക്കുന്നത്.
നിലവില്‍ പോര്‍ടല്‍ വഴി ഒരാള്‍ക്ക് നാല് കുടുംബാംഗങ്ങളെ വരെ ചേര്‍ക്കാനുള്ള സംവിധാനം തുടരുമെന്നാണ് വിവരം. നേരത്തെ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങളും അതേപടി നിലനില്‍ക്കുമെന്നാണ് കൊവിന്‍ ആപുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ അപ്‌ഡേറ്റ് വരുന്നതോടെ വിവരങ്ങള്‍ പുതുതായി ചേര്‍ക്കേണ്ടി വരുമോയെന്ന ആശങ്ക പലരിലുമുണ്ട്. എന്നാൽ ഈ ആശങ്കയുടെ കാര്യമില്ലെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

