ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമകളുടെ റിലീസ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ന്യായ്: ദ് ജസ്റ്റിസ് അടക്കമുള്ള സിനിമകള്‍ സുശാന്തിന്റെ ജീവചരിത്രമോ (ബയോപിക്) സംഭവങ്ങളുടെ വസ്തുതാപരമായ വിവരണമോ അല്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി നടപടി. തന്റെ മകന്റെ പേരോ സമാന പേരോ സിനിമകളില്‍ ഉപയോഗിക്കുന്നതില്‍നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ പിതാവ് കൃഷ്ണ കിഷോര്‍ സിങ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സഞ്ജീവ് നരുല തള്ളിയത്.’മരണാനന്തര സ്വകാര്യതാ അവകാശം അനുവദനീയമല്ല’ എന്നും സുശാന്തിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിന്മേലുള്ള ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. സംഭവിച്ച കാര്യങ്ങളുടെ വിവരങ്ങള്‍ പൊതുവായി ലഭ്യമാണെങ്കില്‍, അവയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു സിനിമയെടുക്കുന്നതു സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമായി കാണാനാകില്ലെന്ന നിര്‍മാതാക്കളുടെയും സംവിധായകരുടെയും വാദങ്ങളില്‍ ന്യായമുണ്ടെന്നും കോടതി പറഞ്ഞു.
സുശാന്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമകള്‍ക്ക് സ്റ്റേയില്ല
