ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് വഴങ്ങി ട്വിറ്റർ. കേന്ദ്രം മുന്നോട്ടുവച്ച പുതിയ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്വിറ്റർ 07/06/21 തിങ്കളാഴ്ച രാത്രിയോടെ വ്യക്തമാക്കി.
ഇന്ത്യയോട് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റർ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാമെന്ന് ഉറപ്പ് നൽകുകയും, നടപടികളുടെ പുരോഗതി കേന്ദ്ര സർക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സർക്കാരുമായുള്ള ക്രിയാത്മക ചർച്ചകൾ തുടരുമെന്നും ട്വിറ്റർ വക്താവ് അറിയിച്ചു.
ഐ.ടി.ദേദഗതി നിയമം നടപ്പിലാക്കാതിരുന്ന ട്വിറ്ററിനെതിരെ കേന്ദ്രം നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ട്വിറ്ററിന് നോട്ടിസ് അയച്ചിരുന്നു. ഐ.ടി.ദേദഗതി നിയമം നടപ്പിലാക്കിയില്ലെങ്കിൽ ട്വിറ്ററിന്റെ ഇന്റർ മീഡിയേറ്ററി അവകാശം പിൻവലിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഇതിന് മറുപടിയായാണ് ട്വിറ്ററിന്റെ പുതിയ നിലപാട്.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി മാർച്ച് 25ന് അർധരാത്രി അവസാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.