ശ്രീലങ്കൻ തീരത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന രാസവസ്തുക്കളടങ്ങിയ കപ്പൽ ഉയർത്തുന്നത് ഗുരുതര വെല്ലുവിളി; കേരള തീരവും മലിനീകരണ ഭീഷണിയിൽ

കൊളമ്പോ: ശ്രീലങ്കയുടെ കൊളംബോ തീരത്തുവെച്ച് തീപിടിച്ച ശേഷം മുങ്ങിക്കൊണ്ടിരിക്കുന്ന രാസവസ്തുക്കളടങ്ങിയ കപ്പൽ തമിഴ്നാടിന്റെയും കേരളത്തിന്റെയും തീരക്കടലിൽ ഗുരുതരമായ മലിനീകരണത്തിനു കാരണമാകാമെന്ന് റിപ്പോര്‍ട്ട് . കപ്പലിൽ നിന്നും ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ 07/06/21 ഞായറാഴ്ച അറിയിച്ചു. അപകട ഉറവിടം വ്യക്തമല്ല. ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തതോടെ ദുരൂഹതയുടെ ചുരുളഴിയും എന്ന വിലയിരുത്തലിലാണ് അധികൃതർ.

കെമിക്കലുകള്‍ അടങ്ങിയ കണ്ടയ്‌നറുമായി ഗുജറാത്തില്‍ നിന്ന് പുറപ്പെട്ട എം വി എക്‌സ്പ്രസ് പേള്‍ എന്ന സിംഗപ്പൂര്‍ കപ്പലിനാണ് തീപിടിച്ചത്. ഏകദേശം 13 ദിവസമായി തീപിടിച്ച കപ്പല്‍ ബുധനാഴ്ച്ച മുതലാണ് മുങ്ങിതുടങ്ങിയത്. കടലില്‍ വന്‍തോതില്‍ രാസവസ്തുക്കളും ഇന്ധനവും കലരുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമെന്നത് വലിയ വെല്ലുവിളിയാണ്.

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ വഴി കടലിൽ വൻതോതിൽ രാസവസ്തുക്കളും ഇന്ധനവും വ്യാപിക്കുകയാണ്. പ്ളാസ്റ്റിക് ഉൽപന്നങ്ങൾക്കും സൗന്ദര്യ വർധക വസ്തുക്കൾക്കും മറ്റുമുള്ള കെമിക്കലുകളും അപകടകരമായ മറ്റു രാസപദാർത്ഥങ്ങളുമടക്കം 1486 കണ്ടയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. 25 ടൺ നൈട്രിക് ആസിഡും 105 കണ്ടയ്നർ ഇന്ധനവും ഉണ്ടായിരുന്നു. കേരളമടക്കമുള്ള തീരമേഖലകള്‍ക്കുമേല്‍ വന്‍ ഭീഷണിയായി മാറിയേക്കുമെന്നാണ് വിഗ്ധരുടെ വിലയിരുത്തല്‍. കപ്പല്‍ ഏകദേശം 70 അടി മുങ്ങിയതായാണ് റിപ്പോര്‍ട്ട്.

‘ശ്രീലങ്കൻ തീരത്ത് ടൺ കണക്കിന് രാസ – പ്ളാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുകയാണ്. ഇത് പെറുക്കിയെടുക്കാൻ സേനയെ നിയോഗിച്ചിരിക്കുകയാണ്. മീനുകൾ ചത്തുപൊങ്ങാൻ തുടങ്ങിയിട്ടുണ്ട്. മീൻപിടുത്തത്തിന് നിരോധനം ഏർപെടുത്തിയിട്ടുണ്ട്. പന്ത്രണ്ട് ദിവസത്തോളമാണ് കപ്പൽ നിന്ന് കത്തിയത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾക്കിടയിലും അന്തരീക്ഷത്തിൽ കറുത്തിരുണ്ട പുക ഇത്രയും ദിവസം ഉയർന്നു. ആസിഡ് മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് അധികൃതർ. ഈ ദുരന്തം മൂലം വൻ പ്രതിസന്ധി നേരിടാൻ പോവുകയാണ് കേരളമടക്കമുള്ള തീര മേഖലകൾ. കടലും കരയും സർവനാശത്തിന്റെ പാതയിൽ ആവുന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്’ എന്നാണ് റിപ്പോർട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →