തിരുവനന്തപുരം: കൊടകര കുഴല്‍പണക്കേസിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നിയമസഭയില്‍ വാക്പോര്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ മുഖ്യമന്ത്രി പിണറായി വിജയന് വെല്ലുവിളിച്ചു. പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമമുണ്ടായെന്നാണ് വിഡി സതീശന് സഭയില്‍ ആരോപിച്ചു. ബിജെപി നേതാക്കളുടെ പങ്ക് പറയാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നും ബിജെപി പ്രസിഡണ്ട് എന്ന് പോലും മുഖ്യമന്ത്രി ഉച്ഛരിച്ചില്ലെന്നും 07/06/21തിങ്കളാഴ്ച സതീശൻ സഭയില്‍ ആഞ്ഞടിച്ചു.
‘ബിജെപി, സംഘപരിവാര്‍ ശക്തികളുടെ പങ്ക് പറയാതിരിക്കാന്‍ മുഖമന്ത്രി ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എത്ര കോടി കേരളത്തില്‍ എത്തി, എന്ത് കൊണ്ട് ഇത് ഇന്‍കം ടാക്സിനെ അറിയിക്കുന്നില്ല. സാക്ഷിയാകാന്‍ പോകുന്നയാള്‍ക്ക് പൊലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ ദേശാഭിമാനി വഴി മുന്‍കൂട്ടി അറിയിക്കുന്നു. പൊലീസ് അന്വേഷണം വലിച്ചു നീട്ടുകയാണ്. ഈ കേസ് അന്വേഷണം സര്‍ക്കസ്സിലെ തല്ലുപോലെയാകരുത്. അന്വേഷണം ശരിയായ രീതിയിലല്ല. സംസ്ഥാന പൊലീസ് സോഴ്സ് അന്വേഷിക്കുന്നില്ല. മന്ദഗതിയിലാണ് അന്വേഷണം നടക്കുന്നത് മഞ്ചേശ്വരവും പാലക്കാടും ഉള്‍പ്പെടെ ഏഴ് മണ്ഡലങ്ങളില്‍ ബി ജെ പിയെ ജയിപ്പിക്കാനായിരുന്നു ധാരണ.’ എന്നിങ്ങനെയാണ് വിഡി സതീശന് സഭയില്‍ ഉയര്‍ത്തിയതിന്റെ പ്രസക്തഭാഗങ്ങള്‍.
എന്നാല്‍ ഒത്തുകളിയുണ്ടന്നതിന് പ്രതിപക്ഷത്തിന്റെ കൈയ്യില്‍ തെളിവുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഉണ്ടെങ്കില്‍ പോക്കറ്റില്‍ വയ്ക്കാതെ പുറത്ത് വിടണമെന്നും മുഖ്യമന്ത്രി വിഡി സതീശനെ വെല്ലുവിളിച്ചു.
‘വിവരം പോക്കറ്റില്‍ ഉണ്ടെങ്കില്‍ കാത്തുനില്‍ക്കാതെ പുറത്ത് വിടണം. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. ഒത്തുതീര്‍പ്പിന്റെ ആള്ക്കാര് ആരാണെന്ന് എല്ലാവര്ക്കും അറിയാം. ഞങ്ങള്‍ ഒത്തുതീര്‍പ്പിന്റെ ആളുകളല്ല.
കുഴല്‍ കുഴലായി തന്നെ ഉണ്ടാകും. കുഴല്‍ ഉപയോഗിച്ചവര്‍ നിയമത്തിന്റെ കരങ്ങളില്‍ കുടുങ്ങും. തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്ന് പറയേണ്ടതില്ല. കൊടകര കേസില്‍ ഗൗരവമായ അന്വേഷണമാണ് നടക്കുന്നത്. നടക്കാന്‍ പാടില്ലാത്ത കുറ്റമാണ് നടക്കുന്നത്. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ല എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് അന്വേഷണം നടക്കുന്നത്.’ മുഖ്യമന്ത്രി മറുപടി നല്കി.

