ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. 05/06/21 ശനിയാഴ്ച രാവിലെ പുറത്തു വന്ന റിപ്പോർട് പ്രകാരം രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം 1.20 ലക്ഷമായി കുറഞ്ഞു. 59 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
കഴിഞ്ഞ മാസത്തെ പകുതി കേസുകളും ഗ്രാമീണ മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കർണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പ്രതിദിന കൊവിഡ് മരണങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തയാറാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ രാജ്യത്ത് 1,20,529 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3380 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. അതേസമയം, പ്രതിദിന പൊസിറ്റിവിറ്റി 5.78 ശതമാനം ആയി കുറഞ്ഞു. രോഗമുക്തി നിരക്ക് 93.38 ശതമാനം ആയി ഉയരുകയും ചെയ്തു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ 80,000 ന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. 15,55,248 പേരാണ് രാജ്യത്ത് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 22 കോടി 78 ലക്ഷം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു.

