ദര്‍ശിനിക്ക് ഇനി ശംഖിനി വനത്തില്‍ അന്ത്യ വിശ്രമം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുതിര്‍ന്ന പിടിയാന മതിലകം ദര്‍ശിനിക്ക്‌ ശംഖിനി വനത്തില്‍ അന്ത്യ വിശ്രമം. 65 വയസുളള ദര്‍ശിനി 2021 മെയ്‌ 29 ശനിയാഴ്‌ച വൈകിട്ട്‌ 9.30 നാണ്‌ ചരിഞ്ഞത്‌. മൂത്രാശയത്തില്‍ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‌ ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു. ദര്‍ശിനിയെ ക്ഷേത്രം വക ഭൂമിയില്‍ അടക്കണമെന്നുളള നാട്ടുകാരുടെ ആവശ്യം വനംവകുപ്പ്‌ തളളി. ആനകളെ ജനവാസമില്ലാത്ത ഒരേക്കര്‍ പ്രദേശമുണ്ടെങ്കിലേ സംസ്‌കരിക്കാവു എന്ന നാട്ടാന പരിപാലന ചട്ടം തടസമായതിനാല്‍ കളത്തൂപ്പുഴ ഫോറസ്‌റ്റ്‌ റേഞ്ചിലെ ശംഖിലി വനത്തില്‍ സംസ്‌കരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

അസുഖത്തെ തുടര്‍ന്ന് ഭജനപ്പുര കൊട്ടാരം വളപ്പിലായിരുന്നു ദര്‍ശിനിയെ പാര്‍പ്പിച്ചിരുന്നത്‌. കോവിഡ്‌ നിയന്ത്രണങ്ങള്‍ പാലിച്ച പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഭജനപ്പുരയിലെത്തി. 13കാരി മതിലകം സുദര്‍ശനയെന്ന ആന അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. പോലീസ്‌ സേനാംഗങ്ങള്‍ ഗാര്‍ഡ്‌ഓഫ്‌ ഓണര്‍ നല്‍കി. പിന്നാലെ കളത്തൂപ്പുഴ ഡിഎഎഫ്‌ഒ ഷാജികുമാറിന്റെ നേതൃത്വത്തില്‍ ജഡം മാറ്റുന്നതിനുളള നടപടികള്‍ ആരംഭിച്ചു. ഭരണസമിതി ചെയര്‍മാന്‍ ജില്ലാ ജഡ്‌ജ്‌ പി.കൃഷ്‌ണകുമാര്‍, അംഗങ്ങളായ ആദിത്യവര്‍മ്മ,കുമ്മനം രാജശേഖരന്‍,പ്രൊ.പികെ മാധവന്‍നായര്‍, എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വി.സുരേഷ്‌കുമാര്‍, മനേജര്‍ ബി.ശ്രീകുമാര്‍.എന്നിവര്‍ നേതൃത്വം നല്‍കി. കളത്തുപ്പുഴയില്‍ പോസ്‌റ്റ് മോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകിട്ടോടെ ദഹിപ്പിച്ചു.

1966ല്‍ മറ്റുരണ്ട പിടിയാനകള്‍ക്കൊപ്പം വനത്തില്‍ നിന്നാണ്‌ ദര്‍ശിനിയെ ലഭിച്ചത്‌. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേറ്റ സമയമായിരുന്നതിനാല്‍ അവരോടുളള ആദരസൂചകമായി ഇന്ദിര, പ്രിയ, ദര്‍ശിനി എന്നിങ്ങനെ മൂന്നാനകള്‍ക്കും പേരിടുകയായിരുന്നു. ദര്‍ശിനിയെ കണ്ട്‌ ഇഷ്ടമായ ശ്രീചിത്തിര തിരുന്നാള്‍ ക്ഷേത്രത്തിലേക്ക്‌ ദര്‍ശിനിയെ വാങ്ങുകയായിരുന്നു. ശംഖുംമുഖം കടവിലേക്ക്‌ ശ്രീപത്മനാഭ സ്വാമിയുടെ ആറാട്ടിനും ശീവേലിക്കും അകമ്പടി സേവിച്ചിരുന്ന ദര്‍ശിനിക്ക്‌ സ്‌മാരകം നിര്‍മ്മിക്കുെമന്ന്‌ ക്ഷേത്ര ഭരണസമിതി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →