കാസർഗോഡ്: നീലേശ്വരത്ത് പുരാരേഖാ മ്യൂസിയം സ്ഥാപിക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസർഗോഡ്: ജില്ലയിൽ പുരാരേഖ മ്യൂസിയം സ്ഥാപിക്കുമെന്ന് തുറമുഖ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികർക്ക് ജില്ലാ പഞ്ചായത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മ്യൂസിയം ഇല്ലാത്ത ജില്ലയാണ് കാസർകോടെന്നതിനാൽ നീലേശ്വരത്ത് മ്യൂസിയം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. നീലേശ്വരം രാജവംശവുമായും അവിടുത്തെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായും എം. രാജഗോപാലൻ എം.എൽ.എ ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മംഗലാപുരം തുറമുഖം കാസർകോടിന് തൊട്ടടുത്തുണ്ട് എങ്കിലും തുറമുഖ വകുപ്പിന് പ്രതിവർഷം 30കോടിരൂപ വരെ വരുമാനം ജില്ലയിൽ നിന്നും ലഭിക്കുന്നുണ്ട്. തീരമേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും പൊന്നാനിയിലെ മണൽ ശുദ്ധീകരണശാല പോലെ മറ്റൊരു സ്ഥാപനം പൊതു സ്വകാര്യ പങ്കാളിത്തതോടെ കാസർകോട് കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ കടവുകൾ ഉള്ള പ്രദേശമെന്ന നിലയിൽ പദ്ധതിക്ക് പ്രാധാന്യം കൈവരുമെന്നും മന്ത്രി വ്യക്തമാക്കി.

കാസർകോട് തളങ്കരയിലെ 4.8 ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തി ടൂറിസം വകുപ്പുമായി ചേർന്ന് പ്രദേശത്തെ ടൂറിസം കേന്ദ്രമാക്കും. നിരവധി സ്ഥാപനങ്ങൾ വരാനുള്ള പശ്ചാത്തല സൗകര്യമുള്ള ജില്ലയെന്നതിനാൽ കാസർകോട് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ ആലോചിക്കും. ആവശ്യങ്ങൾ ഏറെയുള്ള ജില്ലയെന്ന പരിഗണന എന്നുമുണ്ടാകുമെന്നും ആരോഗ്യമേഖലയടക്കം കാസർകോടിന്റെ സമഗ്രവികസനത്തിന് ഒന്നിച്ചു പ്രവർത്തിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

എം.എൽ.എമാരായ എ.കെ.എം.അഷ്റഫ്, എൻ.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ എന്നിവർക്ക് മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു.  ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ദേശീയ പുരസ്‌കാരം നേടിയ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിനെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, എ.ഡി.എം അതുൽ സ്വാമിനാഥ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ, ജില്ലാ സർവൈലെൻസ് ഓഫീസർ ഡോ. എ.ടി മനോജ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എ.വി. പ്രദീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളുമായി ബന്ധപ്പെട്ട ഇടപെടലുകൾക്കായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് നിവേദനം നൽകി. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സംഭാവന പ്രസിഡന്റ് കെ.മണികണ്ഠൻ, വൈസ് പ്രസിഡന്റ് ശ്രീലത എന്നിവർ മന്ത്രിക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ അഡ്വ. എസ്.എൻ.സരിത, ഗീതാ കൃഷ്ണൻ, ഷിനോജ് ചാക്കോ, കെ. ശകുന്തള, ജില്ലാ പഞ്ചായത്തംഗങ്ങളായ എം.മനു, ഗോൾഡൻ അബ്ദുൾ റഹ്മാൻ, പി.ബി. ഷെഫീഖ്, ജമീല സിദ്ദിഖ്, ജാസ്മിൻ കബീർ എന്നിവർ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ സ്വാഗതവും സെക്രട്ടറി പി.നന്ദകുമാർ നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →