ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീകോടതി. ഓരേ വാക്സിന് വ്യത്യസ്ത വില, വാക്സിന് ക്ഷാമം, വിതരണത്തിലെ അപാകത എന്നീ വിഷയങ്ങള്‍ പരാമര്‍ശിച്ചായിരുന്നു 31/05/21 തിങ്കളാഴ്ച കോടതിയുടെ വിമര്‍ശനം.
ഒരേ വാക്സിന് എന്തുകൊണ്ടാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും രണ്ട് വില നല്‍കേണ്ടി വരുന്നതെന്ന് കോടതി ചോദിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും നികുതിദായകരുടെ പണമാണ് വാക്സിന് വാങ്ങാന്‍ ചിലവാക്കുന്നതെന്നും അതിനാല്‍ വ്യത്യസ്തമായ വില ഈടാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി.
വാക്സിന് വില നിര്‍ണ്ണയിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നിരിക്കെ പിന്നെ എന്തുകൊണ്ടാണ് വില നിര്‍ണ്ണയിക്കാനുള്ള അവകാശം വാക്സിന് നിര്‍മ്മാണ കമ്പനികള്‍ക്ക് വിട്ടുകൊടുത്തതെന്നും കോടതി ചോദിച്ചു. രാജ്യത്തെ വാക്സിന് ഓരേവില ഏര്‍പ്പെടുത്തേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി നിര്‍ദേശിച്ചു.
18-44 വയസ്സുവരെയുളളവര്‍ക്ക് വാക്സിന് ലഭ്യമാക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഈ വിഭാഗത്തിനായി വാക്സിന് സംഭരിക്കുന്നതില്‍ വിഭജനം ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങള്‍ക്ക് അമ്പതുശതമാനം വാക്സിന് നിര്‍മാതാക്കളില്‍ നിന്ന് ലഭ്യമാകുകയും ബാക്കി സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കണമെന്നും നിര്‍ദേശിക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്നും കോടതി വിമര്‍ശിച്ചു.
കൊവിഡ് വാക്സിന് നയം സംബന്ധിച്ച രേഖകള്‍ ഇതുവരെ കോടതിയില്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിലവിലെ വാക്സിന് യഞ്ജത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
ആവശ്യമായ മെഡിക്കല്‍ ഓക്സിജന്‍, വാക്സിന്, മറ്റു മരുന്നുകള്‍ എന്നിവ കൊവിഡ് രോഗികള്‍ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച സ്വമേധയാ എടുത്ത കേസിലാണ് സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.
വാക്സിന് ലഭ്യമാകുന്നതിന് വേണ്ടി സംസ്ഥാനങ്ങളെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെയും പരസ്പ്പരം തമ്മിലടിപ്പിക്കുന്നതാണോ കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയമെന്നും സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായുള്ള സുപ്രീംകോടതി ബെഞ്ചാണ് കേന്ദ്ര വാക്സിന് നയത്തെ വിമര്‍ശിച്ചത്.
സംസ്ഥാനങ്ങളും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും വാക്സിന് ലഭിക്കുന്നതിന് ആഗോളടെന്ണ്ടര് വിളിച്ചിരിക്കുന്നു. സംസ്ഥാനങ്ങളും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും പരസ്പ്പരം വാക്സിന് നേടിയെടുക്കാന്‍ മത്സരിക്കുന്നു. ഇതാണോ കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയമെന്ന് കോടതി ചോദിച്ചു.
2021 അവസാനത്തോടെ രാജ്യത്ത് എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത് സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ ഫൈസര്‍ വാക്സിന് കമ്പനിയുമായി ചര്‍ച്ച നടത്തുന്നതായും ചര്‍ച്ച വിജയിച്ചാല്‍ പ്രഖ്യാപിച്ചതിലും നേരത്തെ വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും തുഷാര്‍ മേത്ത കോടതില്‍ വ്യക്തമാക്കി.

