പത്തനംതിട്ട: ലോക ക്ഷീര ദിനാചരണം: സെമിനാര്‍ ജൂണ്‍ ഒന്നിന്

പത്തനംതിട്ട: ലോക ക്ഷീര ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന് ആഭിമുഖ്യത്തില്‍ ജൂണ്‍ ഒന്നിന് സെമിനാര്‍ സംഘടിപ്പിക്കും. ക്ഷീര മേഖലയുടെ സുസ്ഥിര വികസനവും അതോടൊപ്പം പാരിസ്ഥിതികവും പോഷക പ്രദവും സാമ്പത്തികവുമായ ഉന്നമനം  എന്ന ആശയം മുന്‍നിര്‍ത്തിയാണ് ജില്ലാ ഐസിഎആര്‍ കൃഷി വിജ്ഞാന ക്ഷീര ദിനം ആചരിക്കുന്നത്. 

കേരളത്തിന്റെ കാര്‍ഷിക പുരോഗതിയില്‍ ക്ഷീരമേഖല നല്‍കുന്ന സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. പാല്‍ വിവിധരൂപങ്ങളില്‍ നമ്മുടെ നിത്യേനയുള്ള സമീകൃതാഹാരത്തില്‍ പ്രത്യേകിച്ച് കുട്ടികളുടെ ഭക്ഷണക്രമത്തിലെ അവിഭാജ്യഘടകമാണ്. മനുഷ്യശരീരത്തിന് അത്യാവശ്യമായ പ്രോട്ടീന്‍, കാത്സ്യം, കൊഴുപ്പ്, അയഡിന്‍, പൊട്ടാസ്യം, വിറ്റാമിന്‍ ബി2  ബി 12, ഫോസ്ഫറസ്  തുടങ്ങിയവയുടെ കലവറയാണ് സമീകൃതാഹാരം ആയ പാല്. കൂടുതല്‍ അളവില്‍ ഭക്ഷണം കഴിച്ചു ശീലിച്ച മലയാളികള്‍ ഇന്ന് ആഹാരത്തിന്റെ ഗുണനിലവാരത്തില്‍ ശ്രദ്ധചെലുത്താന്‍ തുടങ്ങിയിരിക്കുന്നു.ആരോഗ്യകാര്യത്തില്‍ മുന്‍തൂക്കം കൊടുക്കുന്നത് കൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷങ്ങളില്‍ പാലിനും പാലുല്‍പ്പന്നങ്ങളും വിപണിയില്‍ ആവശ്യക്കാര്‍ ഏറുകയാണ്.

സാമ്പത്തിക സര്‍വേ പ്രകാരം ആറു വര്‍ഷങ്ങളിലെ ഇന്ത്യയുടെ പാലുല്പാദനം 35.61 ശതമാനം വര്‍ധിച്ച് 2019-20 ല്‍ 1984 ലക്ഷം ടണ്ണാണെന്ന് കണക്കാക്കപ്പെടുന്നു.  അതായത് 2014-15 ല്‍ ഇന്ത്യയുടെ പാലുല്പാദനം 1463 ലക്ഷം ടണ്ണായിരുന്നത് 2019-20 ല്‍ 1984 ലക്ഷം ടണ്ണായി ഉയര്‍ന്നു എന്ന് മനസിലാക്കാം.  ആഗോള പാല്‍ ഉല്പാദനത്തിന്റെ 22 ശതമാനം ഉല്പാദിപ്പിക്കുന്ന ഇന്ത്യയാണ് ആഗോളതലത്തില്‍ ഉല്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്നത്.  അമേരിക്ക, ചൈന, പാക്കിസ്ഥാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്നില്‍ നില്‍ക്കുന്നു.

നമ്മുടെ ശരീരത്തിന്റെ ആരോഗ്യപരമായ വളര്‍ച്ചയ്ക്ക് ഒരു ദിവസം 240 ഗ്രാം പാല്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം എന്ന് നിര്‍ദേശിക്കുന്നുണ്ട്. ഇതുപ്രകാരം കേരളത്തിലെ 300 ലക്ഷത്തിലധികം വരുന്ന ജനസംഖ്യയുടെ ആവശ്യം നിറവേറ്റുന്നതിന് ഒരു ദിവസം ഏകദേശം 79.92 ലക്ഷം ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കേണ്ടതുണ്ട്. 2018-19വര്‍ഷങ്ങളിലെ  കണക്കുകളനുസരിച്ച് ഒരാള്‍ക്ക് ദിവസേന 189 ഗ്രാം പാല്‍ ലഭ്യമാക്കാനേ കേരളത്തിലെ പാലുല്പാദനം കൊണ്ടു സാധ്യമാകൂ. ക്ഷീര മേഖലയുടെ സമഗ്രമായ വളര്‍ച്ചയ്ക്കും പുരോഗതിക്കും അതോടൊപ്പം ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതിന്റെ ആവശ്യകതയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.ആരോഗ്യദായകമായ ഭക്ഷണം എന്ന നിലയില്‍ പാലിന്റെ പ്രാധാന്യത്തെപറ്റി ലോകജനത അവബോധരാവുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ആണ് ‘ലോക ക്ഷീര ദിനം’ എന്ന ആശയം മുന്നോട്ടുവച്ചത്. 2001 മുതല്‍ ജൂണ്‍ 1 ലോക ക്ഷീര ദിനമായി ആചരിച്ചു വരുന്നു. ഇന്ത്യയില്‍ വിപണനത്തില്‍ പന്ത്രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ക്ഷീര മേഖലയുടെ പ്രസക്തി വളരെ വലുതാണ്. 

2021ലെ ക്ഷീര ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിലെ ആഭിമുഖ്യത്തില്‍ ജൂണ്‍ ഒന്നിന് രാവിലെ 11 ന് സുസ്ഥിര കന്നുകാലി വളര്‍ത്തല്‍ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ നടത്തും. കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോക്ടര്‍ ജിജു പി അലക്‌സ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.  പത്തനംതിട്ട കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി റോബര്‍ട്ട് മോഡറേറ്ററായിരിക്കും.

കന്നുകാലികളുടെ ആരോഗ്യപരിപാലനവും തീറ്റ ക്രമവും എന്ന വിഷയത്തില്‍ മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കെ വിനോദ് കുമാര്‍, തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തില്‍ പത്തനംതിട്ട കെ വി കെ സബ്ജറ്റ് സ്‌പെഷലിസ്റ്റ് (അഗ്രോണമി) വിനോദ് മാത്യു, പാലുല്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തില്‍ പത്തനംതിട്ട കെ വി കെ ആനിമല്‍ സയന്‍സ് വിഭാഗം സബ്ജറ്റ് സ്‌പെഷലിസ്റ്റ് ഡോ. സെന്‍സി മാത്യു എന്നിവര്‍ നേതൃത്വം നല്‍കും. 

meet.google.com/dpq-ykor-opd എന്ന ഗൂഗിള്‍ മീറ്റ് ലിങ്കിലൂടെ ജൂണ്‍ 1 ന് രാവിലെ 11 ന് സെമിനാറില്‍ പങ്കെടുക്കാം. ഫോണ്‍: 8078572094.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →