പത്തനംതിട്ട: ജില്ലയിലെ മണ്‍സൂണ്‍ പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ മന്ത്രി

കോവിഡ്-മഴക്കാല പ്രതിരോധ പ്രവര്‍ത്തനം
ഒരേ ജാഗ്രതയോടെ നടത്തണം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളും ഒരേ ജാഗ്രതയോടെ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. കാലവര്‍ഷത്തിനു മുന്നോടിയായി എംഎല്‍എമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.

മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കാലവര്‍ഷത്തിനു മുന്‍പായി കൂടുതല്‍ സൗകര്യമുള്ള ക്യാമ്പുകള്‍ കണ്ടെത്തണം. ക്യാമ്പുകളില്‍ ആന്റിജന്‍ പരിശോധന ഉറപ്പ് വരുത്തണം. രോഗികളായി കണ്ടെത്തുന്നവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റണം. എല്ലാ വകുപ്പുകളുടെയും ഏകോപനം കാലവര്‍ഷ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരിക്കണം.

ജൂണ്‍ അഞ്ചിനും ആറിനും നടത്തുന്ന ശുചീകരണ പരിപാടി ജനപങ്കാളിത്തത്തോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയിലും വിജയകരമാക്കണം. ഫയര്‍ഫോഴ്സിന്റെയും മറ്റ് വകുപ്പുകളുടെയും എല്ലാ ഉപകരണങ്ങളും  പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണം. പ്രതിരോധ പ്രവര്‍ത്തനത്തിനായി റബര്‍ ഡിങ്കി, ബോട്ട് എന്നിവ കൂടുതലായി കണ്ടെത്തണം. മണ്‍സൂണിന് മുന്നോടിയായി ജീവിതശൈലീ രോഗങ്ങളുടെ മരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പു വരുത്തണം. വൈദ്യുതി തടസം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. കോവിഡ് രോഗികള്‍ കഴിയുന്ന കേന്ദ്രങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലും വൈദ്യുതി വകുപ്പിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാകണം.

ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഓട, തോട് എന്നിവിടങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് നീക്കം ചെയ്യണം. കൃഷി നാശം, കന്നുകാലികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തണം. റോഡുകള്‍ മുന്‍ഗണന നല്‍കി ഗുണനിലവാരം ഉറപ്പാക്കി പൂര്‍ത്തിയാക്കണം. മഴക്കാലത്തിനു മുന്നോടിയായുള്ള വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ അടിയന്തരമായി പൂര്‍ത്തീകരിക്കണം. ഭക്ഷണം, ജലം എന്നിവ ശുദ്ധമായതാണെന്ന് ഉറപ്പ് വരുത്തണം. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍, പിപിഇ കിറ്റ് എന്നിവയുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്തണം.

കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കണം. പാഠപുസ്തക വിതരണം പൂര്‍ത്തീകരിക്കണം. അപകട ഭീഷണിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണം. ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പൂഴ്ത്തി വയ്പുകള്‍, അമിതവില എന്നിവ അനുവദിക്കില്ല. വ്യാജവാര്‍ത്തകള്‍ തടയണം. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. എന്‍എച്ച്എം ഫണ്ട് ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.

നിയുക്ത ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം