നഴ്‌സുമാരുടെ യാത്രയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തണം : ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിക്കുള്ള യാത്രയ്ക്ക് തടസം ഉണ്ടാകാതെ ബദല്‍ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കോവിഡ് പ്രതിരോധ-കാലവര്‍ഷ മുന്നൊരുക്ക അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയുടെ ചുമതലയുള്ള മന്ത്രിയായതിനു ശേഷം നടത്തിയ ആദ്യ അവലോകനയോഗമായിരുന്നു ഇന്നലെ ഓണ്‍ലൈനായി നടത്തിയത്.

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ മുതല്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള കോവിഡ് പതിരോധ പവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. കോവിഡിന്റെ മൂന്നാം തരംഗം മുന്നില്‍ കണ്ട് വേണം നാം പ്രവര്‍ത്തിക്കാന്‍. ഈ സാഹചര്യത്തില്‍ കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ ജാഗ്രതയോടെ മുന്നോട്ട് കൊണ്ടുപോകണം. അവ കാലത്തമാസം കൂടാതെ നടപ്പിലാക്കണം. ആരോഗ്യ വകുപ്പിന്റെ സേവനം വളരെ പ്രധാനമാണ്.  എംഎല്‍എ മാരുടെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യണം. കൂടാതെ ആയുര്‍വേദ ഹോമിയോ വകുപ്പുകളുടെ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആരംഭിക്കുമ്പോള്‍ നെറ്റ്വര്‍ക്കും വൈദ്യുതിയും ഉറപ്പ് വരുത്തണം. ജില്ലയില്‍ നിലവില്‍ ഓക്‌സിജന്‍ – ഐസിയു ബെഡ്ഡുകള്‍ക്കോ കോവിഡ് ബെഡ്ഡുകള്‍ക്കോ ക്ഷാമമില്ല. നേഴ്സുമാര്‍ക്ക്  ജോലിക്കെത്താന്‍ വേണ്ട വാഹന സൗകര്യം ഏര്‍പ്പെടുത്തണം. ഓരോ പഞ്ചായത്തിലും മൂന്ന് വാഹനങ്ങള്‍ വീതവും ആംബുലന്‍സും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത് ആവശ്യമെങ്കില്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ കോവിഡ് വ്യാപനം കൂടിയ പഞ്ചായത്തുകള്‍ക്കായി പ്രത്യേക യോഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ചേരുന്നത് നല്ലതാണ്. ഒരാഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.15% ആണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ വഹിച്ച പങ്കാളിത്തം വളരെ വലുതാണ്.

 മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ എത്രയും വേഗം മുറിച്ചു നീക്കണം, ഓടകളിലെ മാലിന്യം നീക്കി റോഡിലേക്കു  ജലം ഒഴുകുന്നത് തടയണം, നദികളുടെ നീരൊഴുക്ക് സുഗമമാക്കണം. കൂടാതെ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതും സ്വാഗതാര്‍ഹമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

അവശവിഭാഗങ്ങളുടെ ഡയാലിസിസിനുള്ള ധനസഹായമായി ജില്ലാ പഞ്ചായത്ത് നീക്കി വെച്ചിട്ടുള്ള ഒന്നര കോടി രൂപ  ആരോഗ്യ വകുപ്പ് ഉടന്‍ ഏറ്റെടുത്ത് അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം. എലിപ്പനി, ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, മലേറിയ എന്നീ മഴക്കാല ജന്യരോഗങ്ങള്‍ക്ക് സാധ്യതയേറെയുള്ള സമയമാണ് വരാന്‍ പോകുന്നത്. അതിനാല്‍ കോളനികള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മുന്‍ഗണന നല്‍കി വെള്ളക്കെട്ടൊഴിവാക്കുന്നതിന് വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ച് തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടേയും സന്നദ്ധ സംഘടകളുടേയും സഹകരണത്തോടെ ശുചീകരണം നടത്തണം. മണ്ണിടിച്ചിലോ മരം മറിഞ്ഞോ ഗതാഗത തടസ്സമുണ്ടാകാന്‍ സാധ്യതയുള്ള എല്ലാ റോഡിനും അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സമാന്തര റോഡ് കണ്ടുവെയ്ക്കണമെന്നും മന്ത്രി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. ലോക്ഡൗണില്‍ ലഭിക്കുന്ന ഇളവുകള്‍ ഉപജീവനത്തിനുള്ള അവശ്യ ഉപയോഗങ്ങള്‍ക്കുമാത്രമായി പരിമിതപ്പെടുത്തണം.  ലോക്ഡൗണ്‍ കഴിഞ്ഞാലും കോവിഡ് നിയന്ത്രിക്കുന്നതിന് ജനങ്ങള്‍ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

പൊതുജന സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലിലും കച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി യോഗത്തില്‍ ആവശ്യപ്പെട്ടു. ഓടകളിലെ നീരൊഴുക്ക് സുഗമമല്ലാത്തതിനാല്‍ റോഡിന്റെ സുരക്ഷാ ഭിത്തിയ്ക്ക് ഭീഷണി ഉണ്ടെന്നും എം പി കൂട്ടിച്ചേര്‍ത്തു.

രോഗികള്‍ക്ക് തക്കസമയത്ത് വൈദ്യ സഹായമെത്തിക്കുന്നതിന് കഴിയുന്നവിധം വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ജനപ്രതിനിധികളും ജീവനക്കാരും യുവജന-വനിതാ-സന്നദ്ധ സംഘടനകളുടെയും ഇതുവരെനടത്തിയ പ്രവര്‍ത്തനം നല്ല രീതിയിലാണ്. എന്നാല്‍ ഏത് അത്യാഹിത ഘട്ടങ്ങളേയും നേരിടാന്‍ കൂടുതല്‍ ഏകോപനത്തോടെ ഏല്ലാവരും മുന്നിട്ടറിങ്ങണമെന്ന് മുന്‍ വൈദ്യുതി മന്ത്രി എം എം മണി എം എല്‍ എ നിര്‍ദ്ദേശിച്ചു. മലഞ്ചരക്കു കടകളും കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വളം, കീടനാശിനി കടകളും ഊഴമനുസരിച്ച് ആഴ്ചയിലൊരിക്കലെങ്കിലും തുറന്നു പ്രവര്‍ത്തിക്കാനുള്ള സംവിധാനമുണ്ടാക്കി ജനങ്ങളുടെ ദുരിതം ലഘൂകരിക്കണമെന്നും എം എല്‍ എ ഓര്‍മ്മിപ്പിച്ചു.

മരുന്നും ജീവനക്കാരും ഉണ്ടെങ്കില്‍ കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിനേഷന്‍ നല്‍കാന്‍ ജില്ലാ പഞ്ചായത്ത് വാഹനം അനുവദിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് യോഗത്തെ അറിയിച്ചു. 41 മുന്‍ഗണനാ വിഭാഗങ്ങളില്‍ നിന്നായി ജില്ലയില്‍ 11427 പേരെ കണ്ടെത്തിയെങ്കിലും മുഴുവന്‍ ആളുകളും വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മുഗണനാ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുഴുവന്‍ വാക്‌സീന്‍ നല്‍കാനുള്ള മരുന്ന് ജില്ലയില്‍ സ്റ്റോക്കുണ്ടെന്നും ജില്ലാ കലക്ടര്‍ എച്ച ദിനേശന്‍ യോഗത്തെ അറിയിച്ചു. എ രാജ എം എല്‍ എ. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ പ്രിയ, മെഡിക്കല്‍ കോളേജ്, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാര്‍, ദേശീയ പാത, പൊതുമരാമത്ത്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ സംബന്ധിച്ചു.

Share
അഭിപ്രായം എഴുതാം