കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത യാസ് ചുഴലിക്കാറ്റിലുണ്ടായ നാശം സംബന്ധിച്ച അവലോകന യോഗത്തിൽ നിന്ന് മമതാബാനർജി വിട്ടുനിന്ന് മണിക്കൂറുകൾക്കകം ബംഗാൾ ചീഫ് സെക്രട്ടറി അലാപൻ ബന്ദോപാധ്യായയെ കേന്ദ്രസർവ്വീസിലേക്ക് തിരിച്ചുവിളിച്ചു. നോർത്ത് ബ്ലോക്കിലെ പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റിൽ മെയ് 31 മുതൽ ജോലിയിൽ പ്രവേശിക്കാനാണ് ബന്ദോപാധ്യായക്ക് അറിയിപ്പ് ലഭിച്ചിട്ടുള്ളത്.
മെയ് 24ന് ബന്ദോപാധ്യായയുടെ ബംഗാൾ ചീഫ് സെക്രട്ടറി സ്ഥാനം അവസാനിച്ചിരുന്നു. തുടർന്ന് ബന്ദോപാധ്യായയുടെ സർവ്വീസ് നീട്ടികിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ സർക്കാർ പ്രധാനമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. അതിനിടയിലാണ് അലാപൻ ബന്ദോപാധ്യായയെ കേന്ദ്ര സർവ്വീസിലേക്ക് തന്നെ തിരിച്ചുവിളിച്ചത്. 2020ലാണ് അലാപൻ ബന്ദോപാധ്യായ ബംഗാൾ ചീഫ്‌സെക്രട്ടറിയായി നിയമിതനാകുന്നത്.
ബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയുമായി അടുത്ത ബന്ധമുള്ളയാളാണ് അലാപൻ ബന്ദോപാധ്യായ. യാസ് ചുഴലികാറ്റിലുണ്ടായ നാശം സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലേക്ക് മമതാബാനർജി വളരെ വൈകി എത്തുകയും വിവരങ്ങൾ സംബന്ധിച്ച രേഖകൾ കൈമാറി യോഗത്തിൽ പങ്കെടുക്കാതെ പോകുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് മമതയുടെ അടുത്തയാളായി അറിയപ്പെടുന്ന ചീഫ് സെക്രട്ടറിയെ കേന്ദ്ര സർവ്വീസിലേക്ക് തിരിച്ചുവിളിച്ചത്.