അസമത്വം ഇല്ലാതാക്കുകയാണ് ലക്ഷ്യം, ക്ഷേമ വികസന പദ്ധതികൾ തുടരാൻ പ്രതിജ്ഞാ ബദ്ധം; ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം തുടങ്ങി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം പ്രസം​ഗം തുടങ്ങി. ക്ഷേമ വികസന പദ്ധതികൾ തുടരാൻ പ്രതിജ്ഞാ ബദ്ധമാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു. ജനാധിപത്യം മതനിരപേക്ഷത ജനക്ഷേമം എന്നിവയിൽ ഊന്നുന്ന സർക്കാരാണ് ഇതെന്നും അസമത്വം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ​ഗവർണർ പറഞ്ഞു.
28/05/21 വെളളിയാഴ്ച രാവിലെയാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.

‘സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യം വച്ചാണ് സർക്കാർ നീങ്ങിയത്. നൂറു കോടി രൂപ ഭക്ഷണക്കിറ്റ് നൽകാൻ ചെലവഴിച്ചു. ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം നൽകാൻ 50 കോടി രൂപ നൽകി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നോക്കാതെ കിറ്റ് നൽകുന്നുണ്ട്.

പ്രകടന പത്രികാ വാഗ്ദാനങ്ങൾ നടപ്പാക്കും. കൊവിഡ് വ്യാപനം പിടിച്ചു നിർത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ട്, കൊവിഡ് കേരളത്തെ സാരമായി ബാധിച്ചെങ്കിലും മരണനിരക്ക് കുറയ്ക്കാനായി. വിവിധ വകുപ്പുകളുടെ ഏകോപനം കോവിഡ് നിയന്ത്രണത്തിന് സഹായകമായിട്ടുണ്ട്.

ക്ഷേമ പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക മാന്ദ്യം തടയാനായി. ക്ഷേമ പദ്ധതികളിൽ അംഗങ്ങൾ അല്ലാത്ത ബിപിഎൽ കുടുംബ ങ്ങൾക്ക് 1000 കോടി രൂപ പ്രഖ്യാപിച്ചു. മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടാത്തവർക്കായി ആയിരം കോടി രൂപ നൽകി.

എല്ലാവർക്കും വാക്സിൻ നൽകണമെന്നതാണ് സർക്കാർ നയം. വാക്സിന് ആഗോള ടെണ്ടർ വിളിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.’ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →