തിരുവനന്തപുരം: ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നല്‍കിയ തീരുമാനം പുനപരിശോധിക്കാന്‍ തീരുമാനം. മീ ടൂ ആരോപണത്തിന് വിധേയനായ കവിക്ക് പുരസ്‌കാരം നല്‍കുന്നതില്‍ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയ സാഹചര്യത്തിലാണ് നീക്കം. അവാര്‍ഡ് നിര്‍ണയ സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുനപരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മൂന്നുലക്ഷം രൂപയാണ് സമ്മാനത്തുക. 2018ല്‍ മീ ടു കാമ്പയിനിന്റെ ഭാഗമായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതിയാണ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഗായിക ചിന്മയി ശ്രീപാദയും ഗുരുതര ആരോപണവുമായി രംഗത്തെത്തി. തുടര്‍ന്നും നിരവധി മീ ടൂ ആരോപണങ്ങള്‍ വൈരമുത്തുവിനെതിരേ ഉയര്‍ന്നുവന്നിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വര്‍ഷങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്. വൈരമുത്തുവിന് പുരസ്‌കാരം പ്രഖ്യാപിച്ചതു മുതല്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു

