റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിജിറ്റല്‍ മാധ്യമനിയന്ത്രണം; വാട്സ്ആപ്പ് കോടതിയില്‍

May 27, 2021 - 12:46 pm

ന്യൂഡല്‍ഹി: 26/05/21 മുതല്‍ നടപ്പിലായ പുതിയ ഡിജിറ്റല്‍ മാധ്യമ നിയന്ത്രണ ചട്ടത്തിനെതിരേ വാട്‌സ് ആപ്പ് കോടതിയില്‍. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങളിലെ സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറി ചട്ടങ്ങള്‍ ഉപയോക്താക്കളുടെ സ്വകാര്യതാ സംരക്ഷണം ലംഘിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് വാട്ട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സ്വകാര്യതാ അവകാശത്തെ മാനിക്കുന്നുവെന്നും അതു ലംഘിക്കാനുള്ള യാതൊരു ഉദ്ദേശ്യവുമില്ലെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം വ്യക്തമാക്കി. ചാറ്റുകള്‍ മെസേജിങ് ആപ്പുകള്‍ ട്രേസ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് വാട്ട്സ്ആപ്പില്‍ അയക്കുന്ന ഓരോ സന്ദേശത്തിന്റെയും വിരലടയാളം സൂക്ഷിക്കുന്നതുപോലെയാണ്. അത് വാട്ട്സ്ആപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തെ തകര്‍ക്കുന്നതും അടിസ്ഥാനപരമായി ജനങ്ങളുടെ സ്വകാര്യതാ അവകാശത്തെ ലംഘിക്കുന്നതാണെന്നും വാട്ട്സ്ആപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഒരു സന്ദേശത്തിന്റെ ആദ്യ ഉറവിടം സാമൂഹികമാധ്യമങ്ങള്‍ കണ്ടെത്തണമെന്ന പുതിയ നിയമത്തിലെ ചട്ടം ഭരണഘടന നല്‍കുന്ന സ്വകാര്യത ലംഘിക്കുന്നതാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, പൗരന്മാരുടെ സ്വകാര്യതാ സംരക്ഷണമെന്ന കടമ സര്‍ക്കാര്‍ നിര്‍വഹിക്കുമെന്നും വാട്ട്സ്ആപ്പിന്റെ നിയമനടപടി പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നത് തടയാനുള്ള ദൗര്‍ഭാഗ്യകരമായ ശ്രമമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഫെയ്സ്ബുക്കിന്റെ കീഴിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് കോടതിയെ സമീപിച്ച പിന്നാലെ പുതിയ ചട്ടങ്ങള്‍ക്കനുസൃതമായി സ്വീകരിച്ച നടപടികളില്‍ ഫെയ്സ്ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹിക മാധ്യമ വമ്പന്‍മാരില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. പുതിയ ചട്ടം അനുശാസിക്കുന്ന പരാതി പരിഹാര ഓഫീസര്‍ നിയമനം അടക്കമുള്ള നടപ്പാക്കിയോ എന്ന് ഇന്നലെതന്നെ മറുപടി നല്‍കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *