മുല്ലപ്പള്ളിയെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ ഇന്നല്ലെങ്കില്‍ നാളെ പശ്ചാത്തപിക്കും; പിന്തുണയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിയുടെ തലയില്‍ മാത്രമായി കെട്ടിവെക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല 26/05/21 ബുധനാഴ്ച ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതിന് സന്നദ്ധത അറിയിച്ചതായി ഹൈക്കമാന്റിനെ അറിയിച്ചതിന് പിന്നാലെയാണ് പിന്തുണയുമായി ചെന്നിത്തല രംഗത്തെത്തിയത്.

‘ഈ പരാജയത്തിന് ഉത്തരവാദിത്തം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ തോല്‍വിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയെക്കാള്‍ കൂടുതല്‍ തനിക്കും ഉമ്മന്‍ചാണ്ടിക്കും മറ്റുനേതാക്കള്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു,’ എന്നാണ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ തെറ്റിദ്ധരിക്കപ്പെട്ട നേതാവാണെന്നും തന്നോടോ ഉമ്മന്‍ചാണ്ടിയോടോ മറ്റു പ്രധാന നേതാക്കളോടോ ചര്‍ച്ച ചെയ്യാതെ അദ്ദേഹം ഒരു കാര്യവും കൈകൊണ്ടിട്ടില്ലെന്നും ചെന്നിത്തല പറയുന്നു.

സോഷ്യല്‍ മീഡിയ വഴി ആരെയും ആക്ഷേപിക്കാന്‍ സാഹചര്യമുള്ളതിനാല്‍ മുല്ലപ്പള്ളിയുടെ നല്ലവശം ആരും ശ്രദ്ധിച്ചില്ല. വളരെ ശ്രമകരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സംഘടനാ ദൗര്‍ബല്യം എന്നത് ഒരു വ്യക്തിയുടെ മാത്രം കുറവല്ല. കൂട്ടായ നേതൃത്വത്തിലുണ്ടായ പോരായ്മകളായി ഞാന്‍ കണക്കാക്കുന്നു. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മറ്റു മുതിര്‍ന്ന നേതാക്കള്‍ക്കും ഇല്ലാത്ത യാതൊരു ഉത്തരവാദിത്തവും മുല്ലപ്പള്ളി രാമചന്ദ്രനെ തലയില്‍ ആരും കെട്ടി വയ്‌ക്കേണ്ട. എനിക്കും ഉമ്മന്‍ ചാണ്ടിക്കു ശേഷം മാത്രമാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഉത്തരവാദിത്തമുള്ളത്.

അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ച ആളുകള്‍ ഇന്നല്ലെങ്കില്‍ നാളെ പശ്ചാത്തപിക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു,’ ചെന്നിത്തല പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →