ഇരിട്ടി സ്‌കൂളില്‍ നിന്ന് മോഷണം പോയ ലാപ്‌ടോപ്പുകള്‍ കണ്ടെത്തി

കണ്ണൂര്‍: ഇരിട്ടി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന്‌ മോഷണം പോയ 26 ലാപ്‌ ടോപ്പുകളില്‍ കണ്ടെത്താനുണ്ടായിരുന്ന രണ്ട്‌ ലാപ്‌ടോപ്പുകളും പോലീസ്‌ കണ്ടെടുത്തു. റിമാന്റിലായിരുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തപ്പോഴാണ്‌ കണ്ടെത്താനുണ്ടായിരുന്ന രണ്ട്‌ ലാപ്‌ടോപ്പുകളും എവിടെയാണെന്ന്‌ വ്യക്തമായത്‌. നേരത്തെ മോഷണക്കേസില്‍ ജയിലിലായിരുന്ന പാലക്കല്‍ ദിപു, കുന്നുപുറത്ത്‌ മനോജ്‌ എന്നിവര്‍ നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട്‌ ശിക്ഷ അനുഭവിച്ചവരാണ്‌. ഇവര്‍ ജയിലില്‍ വെച്ച്‌ നടത്തിയ ഗൂഡാലോചനയിലാണ്‌ ലാപ്‌ടോപ്പുകള്‍ കവര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്‌.

എട്ടുലക്ഷം രൂപ വിലവരുന്ന 26 ലാപ്‌ടോപ്പുകള്‍ ഇരിട്ടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന്‌ 2021 മെയ്‌മാസം ഏഴിനാണ്‌ കളവ്‌ പോയത്‌. മൂന്നുദിവസത്തിനകം ഇരിട്ടിപോലീസ്‌ പ്രതികളെ പിടികൂടുകയും ചെയ്‌തിരുന്നു. ഇതേ സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം രണ്ടു കമ്പ്യൂട്ടര്‍ ബാറ്ററിയും, യുപിഎസും രണ്ട്‌ ലാപ്‌ടോപ്പുകളും മോഷണം പോയിരുന്നു. ആകേസില്‍ ഏഴുമാസത്തെ തടവ്‌ ശിക്ഷകഴിഞ്ഞ്‌ പുറത്തിറങ്ങിയ ദീപുവും സഹ തടവുകാരനായിരുന്ന മനോജുമാണ്‌ വീണ്ടും മോഷണം നടത്തിയത്‌.

ഇരിട്ടി പാലത്തിനടുത്ത്‌ ആള്‍ത്താമസ,മില്ലാത്ത പഴയ വീട്ടില്‍ ഒളിച്ചുതാമസിക്കുന്നതിനിടയിലാണ്‌ ഇവര്‍ പിടിയിലാവുന്നത്‌. ചക്കരക്കൊല്ലി സ്വദേശിയുടെ കയ്യില്‍ വില്‍ക്കാനായി ഏല്‍പ്പിച്ച 24 ലാപ്‌ടോപ്പുകള്‍ അന്നുതന്നെ പോലീസ്‌ കണ്ടെടുത്തിരുന്നു. ബാക്കി രണ്ട്‌ ലാപ്‌ടോപ്പുകള്‍ മറ്റൊരാള്‍ക്ക്‌ കൈമാറിയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്‌. എന്നാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്‌തപ്പോഴാണ്‌ ഒളിച്ചുതാമസിച്ചിരുന്ന വീടിന്റെ ടെറസില്‍ നിന്ന്‌ ലാപ്‌ടോപ്പുകള്‍ കണ്ടെടുത്തത്. ഇവര്‍ ക്കെതിരെ മോഷണം അതിക്രമിച്ചുകടക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത്‌ കുറ്റപത്രം സമര്‍പ്പിക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →